കൊല്ലം . കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ കുട്ടികളുടെ പഠന നിലവാരത്തിലെ വീഴ്ചകൾ പരിഹരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻ. ടി. യു ) കൊല്ലം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാര തകർച്ചയെ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയരക്ടർ തന്നെ പൊതുവേദിയിൽ സംസാരിച്ചതാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുന്ന കുട്ടികൾ പോലും പഠന നിലവാരത്തിൽ പിന്നിലാണ്. മറ്റു സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും കുട്ടികളുമായി മത്സരിക്കേണ്ടി വരുമ്പോൾ ഇത്തരം കുട്ടികൾ പിന്നിലാവുന്നു.
കേന്ദ്ര വിദ്യാഭ്യാസ നയത്തെ മാറ്റി നിർത്തുന്നതാണ് ഈ മൂല്യ തകർച്ചയ്ക്ക് കാരണം. ഇടത് സർക്കാർ എ പ്ലസുകളുടെ എണ്ണം പോലും ഭരണ നേട്ടമായി ഉയർത്തിക്കാട്ടാൻ ശ്രമിക്കുകയാണ്. ഇതിനായി കൂടുതൽ എ പ്ലസ് നൽകുന്നത് പതിവാക്കുന്നു. മോഡറേഷൻ വരെ നൽകിയാണ് കൂടുതൽ എ പ്ലസുകൾ സൃഷ്ടിക്കുന്നത്.
എ പ്ലസുകളുടെ എണ്ണവും ഭരണ മികവിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നതോടെ ഇല്ലാതാകുന്നത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളെ
ഇല്ലാതാക്കാനുള്ള സംഘടിത രഹസ്യ നീക്കങ്ങളും ഇതിനു പിന്നിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ നയം പിന്തുടരാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിന് പിന്നിൽ രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങൾ ആണെന്നും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.
എൻ ടി യു സംസ്ഥാന സെക്രട്ടറി കെ വി ബിന്ദു പൊതു സമ്മേളനം ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡന്‍റ് പാറം കോട് ബിജു അധ്യക്ഷത വഹിച്ചു, ബി ജെ പി ഇൻ്റലക്വച്ചൽ സെൽ കൺവീനർ യുവരാജ് ഗോകുൽ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡൻ്റ് ബി. ബി ഗോപകുമാർ,ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ് പ്രദീപ് കുമാർ, എസ് .കെ ദിലീപ് കുമാർ, പി.ആർ ഗോപകുമാർ, എ അനിൽ കുമാർ, ധനലക്ഷ്മി വിരിയറഴികത്ത്, അർക്കന്നൂർ രാജേഷ്, കെ.ആർ സന്ധ്യ, എ.ജി കവിത തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എസ്.കെ ദിലീപ് കുമാർ (പ്രസിഡൻ്റ്) എ .അനിൽ കുമാർ (ജന:സെക്രട്ടറി) ആർ. ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന ജില്ലാ ഭാരവാഹികളേയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു