കൊല്ലം. കെ സുരേന്ദ്രന്റെ കേരള പദയാത്രയില്‍ ഘടക കക്ഷിയായ ബിഡിജെഎസിന് അവഗണനയെന്ന് പരാതി. ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റിനും ജില്ലാ അദ്ധ്യക്ഷനും വേദിയില്‍ ഇരിപ്പിടം നിഷേധിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ മുന്നണിയുടെ പദയാത്രയിലാണ് കൊല്ലത്ത് പരാതികള്‍ ഉയര്‍ന്നത്. എന്‍ഡിഎയിലെ രണ്ടാമത്തെ ഘടക കക്ഷിയായ ബിഡിജെഎസിന് സ്വാധീനമുള്ള കൊല്ലം മണ്ഡലത്തിലെ പരിപാടിയിലാണ് കല്ലുകടി ഉണ്ടായത്.ആശുപത്രി കിടക്കയില്‍ നിന്ന് വേദിയില്‍ എത്തിയ സംസ്ഥാന ഉപാധ്യക്ഷന്‍ തഴവ സഹദേവന് വേദിയില്‍ ഇരിപ്പിടം ഉണ്ടായില്ല. തുടര്‍ന്ന് ബി ഡി ജെ എസ് ജില്ലാ അദ്ധ്യക്ഷന്‍ സന്ദീപ് പച്ചയിലില്‍ സ്വന്തം ഇരിപ്പിടം സംസ്ഥാന ഉപാധ്യക്ഷന് നല്‍കുകയായിരുന്നു. പരിപാടിയില്‍ ആശംസ അറിയിക്കാന്‍ പോലും ബി ഡി ജെ എസ് ഭാരവാഹികളെ വിളിച്ചില്ല.
ഇതില്‍ പ്രതിഷേധിച്ച് കൊടിയുമായി വന്ന ബിഡിജെഎസ് നേതാക്കളും പ്രവര്‍ത്തകരും കെ സുരേന്ദ്രനൊപ്പം വേദി പങ്കിടാതെ സ്ഥലം വിട്ടു.
ബി ഡി ജെ എസ് ജില്ലാ ഘടകം വിഷയത്തിലുള്ള പരാതി കെ സുരേന്ദ്രനെ ധരിപ്പിച്ചു.എന്‍ ഡി എ പരിപാടിയുടെ പ്രചരണാര്‍ത്ഥം ബറക്കിയ
സപ്ലിമെന്റില്‍ നിന്നും എന്‍ ഡി എ കണ്‍വീനറായ തുഷാര്‍വെള്ളാപ്പള്ളിയുടെ ചിത്രം ഒഴിവാക്കിയെന്നും ബിഡിജെഎസ് നേതാക്കള്‍ പറഞ്ഞു. തങളുടെ അതൃപ്തി ജില്ലാ നേതൃത്വം ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍വെള്ളാപ്പള്ളിയെ അറിയിച്ചെങ്കിലും പരസ്യ പ്രതിഷേധം വേണ്ടെന്ന് നിര്‍ദ്ദേശമാണ് നല്‍കിയത്. ബി ഡി ജെ എസിന് നിര്‍ണ്ണായക ശക്തിയുള്ള ലോക്‌സഭ മണ്ഡലമാണ് കൊല്ലം .