ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങളും കോള്‍ റെക്കോര്‍ഡുകളും ഉള്‍പ്പെടെയുള്ള നിരവധി നിര്‍ണായക തെളിവുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊട്ടാരക്കര ഡിസിആര്‍ബി മുന്‍ ഡിവൈഎസ്പി എംഎം ജോസാണ് കുറ്റപത്രം നല്‍കിയത്.
ചാത്തന്നൂര്‍ സ്വദേശികളായ കെ.ആര്‍. പത്മകുമാര്‍, അനിതാ കുമാരി, അനുപമ എന്നിവര്‍ മാത്രമാണ് കേസിലെ പ്രതികള്‍. പണം ലക്ഷ്യമിട്ടാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്നും മറ്റ് കുട്ടികളെ തട്ടിക്കൊണ്ടുപോകാനും പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെയും സഹോദരന്റെയും മൊഴികളാണ് കേസിലെ പ്രധാന തെളിവുകള്‍.
ജീവപര്യന്തം ശിക്ഷ ഉറപ്പ് വരുത്തുന്ന വകുപ്പുകളാണ് കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ ചുമഴ്ത്തിയിരിക്കുന്നത്. ബാലികയെ തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ 160 സാക്ഷികളും 150 തൊണ്ടി മുതലുകളുമാണ് അന്വേഷണ സംഘം സമാഹരിച്ചത്.