ആനയടിയുടെ മണ്ണും മനസും ആനച്ചൂരുനിറഞ്ഞു, നാളെ അറുപതോളം ആനകള്‍ നിരക്കുന്ന ഗജമേള

Advertisement

പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഗജമേളയും ആറാട്ടും വെള്ളിയാഴ്ച

ശൂരനാട് വടക്ക് .ആനയടിയുടെ മണ്ണും മനസും ആനച്ചൂരുനിറഞ്ഞ ദിനരാത്രങ്ങളാണിപ്പോള്‍. സംസ്ഥാനത്തിന്‍റെ വിവിധ ദേശങ്ങളി്ല്‍ നിന്നുമുള്ള ഗജവീരന്മാര്‍ ചങ്ങലകിലുക്കി ആനയടിയുടെ മനം കവരുകയാണിപ്പോള്‍. ഓരോ മേഖലയില്‍ നിന്നുമുള്ള ആനകളെ കുളിപ്പിക്കാനും ഊട്ടാനും സുഖ സൗകര്യമൊരുക്കാനും ആനപ്രേമികളുടെ മല്‍സരമാണിവിടെ.
പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഗജമേളയും ആറാട്ടും നാളെ നടക്കും. ആയിരത്തോളം നേര്‍ച്ചആനഎളുന്നള്ളത്താണ് ഇന്ന് നടന്നത്. അതി രാവിലെ ആരംഭിച്ച നേര്‍ച്ച രാത്രിവരെ നീണ്ടു.

നാളെ വൈകുന്നേരത്തോടെ പ്രധാനപാതയും നടവഴികളും അടക്കമുള്ള ക്ഷേത്രപരിസരം പൂരപ്രേമികളാൽ നിറയും. ഗജഘോഷയാത്രയാണ് ആദ്യം പിന്നീട് ഗജമേള. പരിയാനംപറ്റ പൂര പ്രമാണി കല്ലൂർ ജയനും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം ഗജമേളയുടെ പ്രൗഢി വിളിച്ചോതും.
വർണാഭമായ കെട്ടുകാഴ്ച യുണ്ടെങ്കിലും ഗജമേള തന്നെയാണ് പ്രധാന ആർഷണം. എലിഫൻ്റ് സ്ക്വാഡിൻ്റെയും വനം വകുപ്പിൻ്റെയും പരിശോധനയ്ക്കു ശേഷമാണ് ആനകളെയും പാപ്പാൻമാരെയും ഗജമേളയിൽ പങ്കെടുപ്പിക്കുന്നത്. വൈകിട്ട് മൂന്നിന് ദേവൻ്റെ ഗ്രാമ പ്രദക്ഷിണം നടക്കും. നരസിംഹ പ്രിയൻ ആനയടി ദേവസ്വം അപ്പു ദേവൻ്റെ തിടമ്പേറ്റും. പെരിങ്ങലിപ്പുറം അപ്പു, കരിമണ്ണൂർ ഉണ്ണി എന്നിവർ അകമ്പടി സേവിക്കും.
ആറാട്ട് കഴിഞ്ഞെത്തുന്ന ദേവന് ഗജവീരൻമാർ അകമ്പടിയായി അണിനിരന്ന് ക്ഷേത്ര ഗോപുരനടയിൽ സേവ. തുടർന്ന് പഞ്ചാരിമേളം.

നേര്‍ച്ച ആന എഴുന്നള്ളത്ത്

Advertisement