പത്തനാപുരം: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുന്നില്‍ ചാടി യുവതിയെ ജീവനൊടുക്കിയ നിലയിലും ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുന്നിക്കോട്, ആവണീശ്വരം മീനംകോട് കോളനിയില്‍ മീനംകോട് വീട്ടില്‍ വിജേഷ് (43), ഭാര്യ ആര്‍. രാജി (38) എന്നിവരാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് രാജി ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുന്നില്‍ ചാടിയത്.
കുന്നിക്കോട്-പത്തനാപുരം റോഡില്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. വാഹനത്തിന് മുന്നിലേക്ക് യുവതി അപ്രതീക്ഷിതമായി എടുത്തുചാടുകയായിരുന്നു. യുവതിയെ ഉടൻ തന്നെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവ സമയം മുതല്‍ കാണാതായ കെഎസ്ആര്‍ടിസി കണ്ടക്ടറായ ഭര്‍ത്താവ് വിജേഷിനെ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വിളക്കുടി പഞ്ചായത്തിലെ ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിജേഷ് പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടറാണ്. വിജേഷിന്റെ കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായും രാജി എഴുതിയ കത്ത് വീട്ടില്‍ നിന്ന് ലഭിച്ചതായും പോലീസ് പറഞ്ഞു. അക്ഷയ്, അക്ഷര എന്നിവര്‍ മക്കളാണ്.