ശൂരനാട് : പൂര സാഗരം’ അതിലപ്പുറം വർഷാവർഷം വിപുലമാകുന്ന ആനയടി ഉൽസവത്തെ വർണ്ണിക്കാനാവില്ല ആനചന്തത്തിന്റെ അഴക് വിടർത്തി ആനയടിയിൽ നടന്ന ചരിത്രപ്രസിദ്ധമായ ഗജമേള വർണ വിസ്മയമായി.
സായന്തന സൂര്യനെ സാക്ഷിയാക്കി ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുത്സവത്തിന് സമാപനം കുറിച്ച് നടന്ന ഗജമേള വൈകിട്ട് അഞ്ചോടെയാണ് ആരംഭിച്ചത്.ക്ഷേത്രത്തിനു സമീപത്തെ വിശാലമായ വയൽപ്പരപ്പിൽ അർദ്ധചന്ദ്രാകൃതിയിലാണ് ഗജമേളയ്ക്കായി ആനകൾ അണിനിരന്നത്.
ചിറയ്ക്കൽ കാളിദാസനും തൃക്കടവൂർ ശിവരാജുവും പുതുപ്പള്ളി കേശവനും പാമ്പാടി രാജനും ഉൾപ്പെടെ അറുപതോളം ഗജവീരന്മാർ മേളയ്ക്ക് എത്തിയിരുന്നു.കേരളത്തിലെ പ്രമുഖ ഗജശ്രേഷ്ഠരെല്ലാം ആനയടിയുടെ മണ്ണിൽ ഒരുമിച്ചെത്തിയത് ആനപ്രേമികളിൽ ആവേശം വിതച്ചു.തലയെടുപ്പോടെ അറുപതിലധികം കരിവീരന്മാരാണ് ആനച്ചന്തത്തിന്റെ
അഴക് വിടർത്തി നിരന്നത്.നരസിംഹ പ്രിയൻ ആനയടി അപ്പു ദേവന്റെ തിടമ്പേറ്റി.കത്തിക്കാളുന്ന മകരച്ചൂടിനെ പോലും അവഗണിച്ച് പകൽ മൂന്ന് മുതൽ വിദേശികൾ ഉൾപ്പെടെ ആയിരങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തിയത്.പകൽ രണ്ടിന് ശേഷം കുന്നത്തൂർ താലൂക്കിലെ വഴികളെല്ലാം എത്തിച്ചേർന്നത് ആനയടിയിലേക്ക് ആയിരുന്നു.
പരിയാനമ്പറ്റ പൂരപ്രമാണി കല്ലൂർ ജയനും 55 ഓളം വാദ്യകലാകാരന്മാരും ചേർന്ന് അവതരിപ്പിച്ച പാണ്ടിമേളം ഗജമേളയ്ക്ക് ഭക്തിസാന്ദ്രമായ നാദതാള വിസ്മയം പകർന്നു.ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ദേവന്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും ഭക്തിനിർഭരമായി.ഗജമേളയോടനുബന്ധിച്ച് പോലീസും എലിഫന്റ് സ്ക്വാഡും ഫയർഫോഴ്സും
ശക്തമായ മുൻകരുതലാണ് ഏർപ്പെടുത്തിയിരുന്നത്.
കടപ്പാട്. ആദർശ് എൻ കൃഷ്ണ, അനുരാജ്