ചക്കുവള്ളി:ജംഗ്ഷന് സമീപം ചക്കുവള്ളി മലനട റോഡിൽ ദേവസ്വം ബോർഡ് സ്കൂളിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ ഉണ്ടായിരുന്ന പൊതുകിണർ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റിയ ശേഷം നികത്തിയ സംഭവത്തിൽ കിണർ തൽസ്ഥാനത്ത് പുനർനിർമ്മിച്ച് സംരക്ഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ ഉത്തരവിട്ടു.2014 ൽ നടന്ന സംഭവത്തിൽ സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.പ്രതാപൻ നൽകിയ പരാതിയിൽ നീണ്ട 10 വർഷത്തെ വിചാരണക്കൊടുവിലാണ് ഓംബുഡ്സ്മാന്റെ വിധി വന്നിട്ടുള്ളത്.1962 ൽ എൻഇഎസ് ബ്ലോക്ക് പദ്ധതി പ്രകാരമാണ് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥലം കണ്ടെത്തി പൊതു പണം മുടക്കി കുടിവെള്ള കിണറുകൾ സ്ഥാപിച്ചത്.പദ്ധതി പ്രകാരം ചക്കുവള്ളിയിലെ 2 സെന്റ് പുറമ്പോക്കിൽ സ്ഥാപിച്ചിരുന്ന കിണർ പതിറ്റാണ്ടുകളോളം സ്കൂൾ വിദ്യാർത്ഥികളും കശുവണ്ടി തൊഴിലാളികളും നാട്ടുകാരും അടക്കമുള്ളവർ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നു.പോരുവഴി പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട കിണർ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിൽ ഫണ്ട് മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.കാരൂർ അബ്ദുൽ സലീം എന്നയാളാണ് കിണറിനോട് ചേർന്നുള്ള ഭാഗത്ത് കെട്ടിട
നിർമാണത്തിന്റെ മറവിൽ കിണർ നിരപ്പാക്കിയത്.സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിപിഎം നേതൃത്വത്തിൽ പ്രതിഷേധിക്കുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.തുടർന്നാണ് ഓംബുഡ്സ്മാനെ സമീപിച്ചത്. പോരുവഴി പഞ്ചായത്ത് സെക്രട്ടറി,ഓവർസിയർ,താലൂക്ക് സർവെയർ,കിണർ പൊളിച്ച പള്ളിമുറി കാരൂർ അബ്ദുൽ സലീം,പോരുവഴി പതിനേഴാം വാർഡ് മെമ്പർ എന്നിവരായിരുന്നു എതിർകക്ഷികൾ. വിധി വന്നു രണ്ടുമാസത്തിനകം കിണർ പുനർനിർമ്മിച്ച് സംരക്ഷിച്ചു റിപ്പോർട്ട് ചെയ്യാൻ പോരുവഴി പഞ്ചായത്ത് സെക്രട്ടറിക്കാണ് നിർദേശം നൽകിയിട്ടുള്ളത്.