കരുനാഗപ്പള്ളിയിൽ ഫയർസ്റ്റേഷന് പുതിയ കെട്ടിടം യാഥാർത്ഥ്യമായി

Advertisement

കരുനാഗപ്പള്ളി . കരുനാഗപ്പള്ളിയിൽ ഫയർ സ്റ്റേഷന് സ്വന്തം ഭൂമിയും കെട്ടിടവും എന്ന ഏറെ നാളത്തെ നാടിൻ്റെയാവശ്യവും യാഥാർത്ഥ്യമാകുന്നു. പോലീസ് സ്റ്റേഷനു തെക്കുഭാഗത്തായി സർക്കാർ അനുവദിച്ചു നൽകിയ സ്ഥലത്താണ് കെട്ടിട നിർമ്മാണം പൂർത്തിയായത്. പൊതുമരാമത്ത് വകുപ്പിൻ്റെ പരിശോധനയും പൂർത്തിയാക്കി ഉടൻ ഉദ്ഘാടനത്തിനൊരുങ്ങുകയാണ് ഫയർസ്റ്റേഷൻ.

പുതിയ ഫയർസ്റ്റേഷൻ കെട്ടിടത്തിൽ സ്റ്റേഷൻ ഓഫീസ് റൂം, മെക്കാനിക്കൽ റൂം, സ്റ്റോർ റൂം, റസ്റ്റ് റൂം, സ്മാർട് ക്ലാസ് റൂം, ലൈബ്രറി ആൻ്റ് റീഡിംഗ് റൂം, ഭൂഗർഭ ടാങ്ക്, ഓവർ ഹെഡ് ടാങ്ക്, കുഴൽ കിണർ, ഗാരേണ്ട് എന്നീ സൗകര്യങ്ങളാണ് ഉള്ളത്.വനിതാ ജീവനക്കാർക്കായി പ്രത്യേക റസ്റ്റ് റൂമും പുതുതായി ക്രമീകരിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ അഗ്നിശമന സേനയ്ക്ക് സ്വന്തം ആസ്ഥാന നിർമ്മാണത്തിനായി സ്ഥലം ലഭിക്കുന്നതിനായി നിരവധി പ്രദേശങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ടൗണിനോട് ചേർന്ന് ഫയർ സ്റ്റേഷന് സ്ഥലം ലഭ്യമാകുക എന്നത് അപ്രാപ്യമായിരുന്നു. ഒടുവിൽ പോലീസ് സ്റ്റേഷനു സമീപത്ത് ആഭ്യന്തര വകുപ്പ് വിട്ടുനൽകിയ സ്ഥലത്താണ് കെട്ടിട സമുച്ചയം പൂർത്തിയാകുന്നത്.
.മുൻ എംഎൽഎ ആർ രാമചന്ദ്രൻ്റെ നേതൃത്വത്തിൽ നടത്തിയ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് മുൻ എൽ ഡി എഫ് സർക്കാർ സ്ഥലവും കെട്ടിട നിർമ്മാണത്തിനായി 3.75 കോടി രൂപയും അനുവദിച്ചത്.


1989 ലാണ് കരുനാഗപ്പള്ളിയിൽ ഫയർസ്റ്റേഷൻ അനുവദിക്കുന്നത്.ലാലാജി ജംഗ്ഷനു സമീപം ആരംഭിച്ച സ്റ്റേഷൻ പിന്നീട് 1998 ൽ പോലീസ് സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തെ വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. പഴകി ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താറായ കെട്ടിടത്തിലാണ് ഇപ്പോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കാൻ പോലുമിടമില്ലാത്ത സ്ഥലത്താണ് 43 ജീവനക്കാരും അഞ്ചോളം വാഹനങ്ങളുമുൾപ്പടെയുള്ള സംവിധാനങ്ങളുമായി അഗ്നി രക്ഷാ നിലയം സ്ഥിതി ചെയ്യുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടവും എന്ന ആവശ്യം നിറവേറ്റുന്നതിനായി നടത്തിയ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് പോലീസ് സ്റ്റേഷനോട് ചേർന്ന് 20 സെൻ്റ് സ്ഥലം വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചത്.

Advertisement