ശാസ്താംകോട്ട : 2024 തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച സ്വരാജ് ട്രോഫിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം ശാസ്താംകോട്ട പഞ്ചായത്തും രണ്ടാം സ്ഥാനം കുന്നത്തൂർ പഞ്ചായത്തും കരസ്ഥമാക്കി.100 ശതമാനം നികുതി പിരിവ് കൈവരിക്കുകയും പദ്ധതി നിർവഹണ പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിക്കുകയും ചെയ്താണ് ശാസ്താംകോട്ടയെ അവാർഡിന് അർഹമാക്കിയത്.കാർഷിക വിപണനകേന്ദ്രം,സുഭിക്ഷ ഹോട്ടൽ,വഴിയോര വിശ്രമ കേന്ദ്രം,ഗ്രാമീണ റോഡുകളുടെ നവീകരണം,മാലിന്യ സംസ്‌കരണത്തിൽ സ്വീകരിച്ച നടപടികൾ,ഹരിതകർമ്മ സേനയുടെ മികവാർന്ന പ്രവർത്തനം,തൊഴിലുറപ്പ് പദ്ധതിയിലെ കാര്യക്ഷമമായ വിനിയോഗം,കുടുംബശ്രീ പ്രവർത്തനങ്ങളുടെ മികവ് എന്നിവ പരിഗണനയിൽ ഉൾപ്പെട്ടിരുന്നുവെന്ന്
പ്രസിഡന്റ് ആർ.ഗീത പറഞ്ഞു.
വാർഷിക പദ്ധതി നടത്തിപ്പിൽ വികസന ഫണ്ട്, മൈന്റെനൻസ് ഗ്രാൻഡ്,നികുതി പിരിവ് എന്നിവയിൽ 100 ശതമാനം നേട്ടം കൈവരിക്കാൻ കഴിഞ്ഞതാണ് കുന്നത്തൂരിനെ അവാർഡിന് അർഹമാക്കിയത്.മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ
മെറ്റീരിയൽ വർക്കിൽ ഒന്നാം സ്ഥാനവും,ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്ത പദ്ധതികളും,ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ അഭ്യസ്തവിദ്യരായ യുവതി – യുവാക്കൾക്കു തൊഴിൽ നൈപുണ്യം ലക്ഷ്യമാക്കി ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പിലാക്കിയ ജി.എസ്.ടി ടാലി കോഴ്സുകൾ,ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി നൂറിലധികം സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി നടത്തിയ നീന്തൽ പരിശീലനം,ജില്ലയിലെ തന്നെ ഏറ്റവും മികച്ചതും വിസ്തൃതവുമായ എം.സി.എഫ് നവീകരണം വഴി മാതൃകപരമായ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടപിലാക്കിയതും കുന്നത്തൂരിന് പൊൻതൂവലായി .ആരോഗ്യ മേഖലയിൽ വെൽനെസ്സ് സെന്റർ ആയി ഉയർത്തപ്പെട്ട കുന്നത്തൂർ ഹോമിയോ ആശുപത്രി ജില്ലയിലെ ഒരേയൊരു ഐ.എസ്.ഒ സർട്ടിഫൈഡ് ആശുപത്രി ആക്കി മാറ്റി.ഇത്തരത്തിലുള്ള വിവിധങ്ങളായ പദ്ധതികളാണ് കുന്നത്തൂരിനെ അവാർഡിലേക്ക് നയിച്ചതെന്ന് പ്രസിഡന്റ് കെ.വത്സലാകുമാരി,വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്,സെക്രട്ടറി ബി.വിനോദ് കുമാർ എന്നിവർ അറിയിച്ചു