ശാസ്താംകോട്ട : ഭവന പദ്ധതിക്കും ശുചിത്വത്തിനും മുൻഗണന നൽകി കൊണ്ടുള്ള മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് 2024 – 25 സാമ്പത്തിക ബഡ്ജറ്റ് പാസാക്കി.പ്രസിഡൻ്റ് പി.എം സെയ്ദ് ൻ്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ബി.സേതുലക്ഷ്മിയാണ് അവതരിപ്പിച്ചത്.പഞ്ചായത്തിലെ അർഹരായ മുഴുവൻ ജനങ്ങൾക്കും വീട് നൽകുന്നതിന് ഊന്നൽ നൽകിയ ബഡ്ജറ്റായിരുന്നു.472721460 രൂപ വരവും 466712200 രൂപ ചെലവും 6009260 രൂപ മിച്ചവും കണക്കാക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.ലൈഫ് ഭവന നിർമ്മാണ പദ്ധതിക്ക് 14 കോടി രൂപയും ഖരമാലിന്യ നിർമാർജനത്തിന് 60 ലക്ഷം രൂപയും ദാരിദ്ര്യ ലഘൂകരണത്തിന് 9 കോടി രൂപയും സാമൂഹ്യ സുരക്ഷാ പരിപാടികൾക്കായി 9.15 കോടി രൂപയും കാർഷിക മേഖലക്ക് 40 ലക്ഷം രൂപയും മൃഗസംരക്ഷണത്തിന് 71 ലക്ഷം രൂപയും, വൃദ്ധജനക്ഷേമത്തിന് 20 ലക്ഷം രൂപയും പട്ടികജാതി ക്ഷേമത്തിനായി 1 കോടി 54 ലക്ഷം രൂപയും പൊതുജന ആരോഗ്യത്തിനായി 42 ലക്ഷം രൂപയും വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി 65 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയ്ക്ക് 14 ലക്ഷം രൂപയും റോഡുകളുടെ പുനരുദ്ധാരണത്തിനായി 2 കോടി 24 ലക്ഷം രൂപയും കുടുംബശ്രീയും ചെറുകിട സംരംഭങ്ങൾക്കും 18 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.യോഗത്തിൽ വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ സജിമോൻ,ഷീബ സിജു,മനാഫ് മൈനാഗപ്പള്ളി,മറ്റ് ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ,സെക്രട്ടറി ഷാനവാസ് എന്നിവർ പങ്കെടുത്തു.