കരുനാഗപ്പള്ളി : സർക്കാർ സ്കൂളിലെ പ്രഥമ അധ്യാപികയെ
സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ നാല് പേർക്കെതിരെ കേസെടുക്കാൻ കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കരുനാഗപ്പള്ളി ചെറിയഴീക്കൽ ജി. വി.എച്ച്. എസ്. എസിൽ പ്രധാനധ്യാപിക ആയിരുന്ന ഐ. അനിത നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതി ഇടപെടൽ ഉണ്ടായത്.
സമൂഹ മാധ്യമത്തിലൂടെ നിരന്തരം വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ചു അപമാനിച്ചുവെന്ന അനിതയുടെ പരാതി പരിഗണിച്ച കോടതി, ചെറിയഴീക്കൽ സ്വദേശി അംജിത സുരേഷ്, എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ യു ട്യൂബ് ചാനലിന്റെ നടത്തിപ്പുകാരൻ സുനിൽകുമാർ, യു ട്യൂബ് ചാനലിന്റെ കണ്ടാൽ അറിയാവുന്ന അവതാരിക, ക്യാമറ മാൻ എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദേശം നൽകിയത്.
2022 ലാണ് കേസിന് ആധാരമായ സംഭവങ്ങൾ ഉണ്ടായത്. സ്കൂളിലെ വിദ്യാർഥിയുടെ മാതാവ് ആയ അംജിത സുരേഷ്, പ്രഥമ അധ്യാപിക ആയിരുന്ന അനിതയ്‌ക്കെതിരെ ഉന്നയിച്ച അപകീർത്തിപരമായ പരാമർശങ്ങൾ യു ട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുക ആയിരുന്നു. ഇതിനൊപ്പം കാമറമാനും അവതാരികയും അനുവാദമില്ലാതെ സ്കൂൾ വളപ്പിൽ കയറി അധ്യാപികയുടെ ദൃശ്യങ്ങൾ പകർത്തുകയും പ്രതികരണങ്ങൾ ആരായുകയും ചെയ്തു. പിന്നീട് അധ്യാപികയുടെ ദൃശ്യങ്ങളും അപകീർത്തികരമായ പരാമർശങ്ങളും ഉൾപ്പെടുത്തി എട്ട് മിനിറ്റിലേറെ വരുന്ന വീഡിയോ വാർത്ത എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
ചെറിയഴീക്കൽ സ്കൂളിൽ നിന്ന് സ്ഥലം മാറി പോയെങ്കിലും കരുനാഗപ്പള്ളി കോടതിയിൽ അനിത നടത്തിയ നിരന്തര നിയമ പോരാട്ടമാണ് അപകീർത്തി പരാമർശത്തിൽ നാല് പേർക്കേർതിരെ കേസെടുക്കാനുള്ള ഉത്തരവിലേക്ക് എത്തിച്ചത്