36 ഡിഗ്രി പിന്നിട്ട് താപനില;കടുത്ത ചൂടിലേക്ക് കിഴക്കന്‍ മേഖല

Advertisement

പുനലൂര്‍: വേനല്‍ കടുത്തതോടെ ജില്ലയുടെ കിഴക്കന്‍ മലയോരപട്ടണമായ പുനലൂരും പരിസര പ്രദേശങ്ങളും കടുത്ത ചൂടിലേക്ക്. നഗരത്തില്‍ സൂര്യാഘാതത്തിന് സാധ്യത. നഗര ത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി താരതമ്യേന താഴ്ന്ന പ്രദേശമായ കലയനാട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥാപിച്ചിട്ടുള്ള താപമാപിനിയില്‍ കഴിഞ്ഞദിവസം 37 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 38 ഡിഗ്രി ചൂട് വരെ പുനലൂരില്‍ അനുഭവപ്പെട്ടിരുന്നു.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നു കൂടിയാണ് പുനലൂര്‍. കഴിഞ്ഞ രണ്ട് ആഴ്ചയായി കടുത്ത ചൂടാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഈയാഴ്ച ശരാശരി 35 മുതല്‍ 36 ഡിഗ്രിക്ക് മുകളിലാണ് വിവിധ ദിവസങ്ങളില്‍ പകല്‍ സമയത്ത് ചൂട് അനുഭവപ്പെട്ടത്. പുലര്‍ച്ചെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസങ്ങളില്‍ 16 ഡിഗ്രി മുതല്‍ 17 വരെയാണ്. ഇത്തവണ ഡിസംബര്‍ ആദ്യവാരം മുതലെ മേഖലയില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മഴ ലഭിച്ചില്ലെങ്കില്‍ വരുംദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത.
കഴിഞ്ഞവര്‍ഷം പുനലൂരിലും പരിസരപ്രദേശങ്ങളിലും നിരവധി ആളുകള്‍ക്ക് സൂര്യതാപം ഏറ്റിരുന്നു. ചൂടു വര്‍ദ്ധിക്കുന്നതിനാല്‍ തുടര്‍ച്ചയായി ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 ചൂട് കൂടിയതോടെ മലയോര മേഖലയിലെ കല്ലടയാര്‍ ഉള്‍പ്പടെയുള്ള വിവിധ കുടിവെള്ള സ്രോതസ്സുകളില്‍ വെള്ളം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. തെന്മല, ആര്യങ്കാവ്, പുനലൂര്‍ മുനിസിപ്പാലിറ്റി, കരവാളൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം തുടങ്ങിയിട്ടുണ്ട്.
നഗരസഭയുടെ കുടിവെള്ളമെത്തിക്കുന്ന ടാങ്കര്‍ ലോറി അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ ഉപയോഗപ്രദമല്ല. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുടിവെള്ളം ലഭ്യമല്ല. ജില്ലയിലെ ഏറ്റവും വലിയ ജലസേചന സംവിധാനമായ മീനാട് ജലസേചന പദ്ധതിയ്ക്ക് ആവശ്യമായ ജലം സംഭരിക്കുന്നതും പുനലൂര്‍ കല്ലടയാറ്റില്‍ നിന്നാണ്. കൂടാതെ ഇവിടെ നിന്നും ശേഖരിക്കുന്ന ജലം സംഭരിച്ചിട്ടുള്ളതും വിതരണം ചെയ്യുന്നതും പുനലൂരില്‍ നിന്നാണ്. എന്നാല്‍ ഇതില്‍ നിന്നും പുനലൂര്‍ നിവാസികള്‍ക്ക് കുടിവെള്ളം ലഭിക്കുന്നുമില്ല. ഇതില്‍ മേഖലയില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.