കൊട്ടിയം : പോലീസുദ്യോഗസ്ഥനെ വീടിനോട് ചേർന്നുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെ സിപിഒ കണ്ണനല്ലൂർ കിഴക്കേ ചെമ്പടപ്പ് വീട്ടിൽ ഷാഹുൽ ഹമീദ് (51) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ വീടിനോട് ചേർന്നുള്ള ചായ്പ്പിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഷർട്ടിൻ്റെ പോക്കറ്റിനുള്ളിൽ കിടന്ന മൊബൈൽ ഫോണിൽ തുടർച്ചയായി ബല്ലടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മകൾ തിരക്കിയെത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. കുട്ടി ബഹളം വച്ചതോടെ വീട്ടിലുള്ള മറ്റുള്ളവരും അയൽവാസികളും ഓടിക്കൂടി. ചലനമില്ലാത്ത നിലയിലായതിനാൽ കണ്ണനല്ലൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചാത്തന്നൂർ എ.സി.പി.ബിജു വി നായർ, കണ്ണനല്ലൂർ സി.ഐ.വിനോദ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയില്ലക്ക് മാറ്റി. മൃതദേഹ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറുന്ന മൃതശരീരം ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് മുൻപ് കണ്ണനല്ലൂർ മുസ്ലീം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ഒരു മാസക്കാലമായി അവധിയിലായിരുന്ന ഷാഹുൽ ഹമീദ് 10 ദിവസങ്ങൾക്ക് മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. ഭാര്യ.ജി.എസ്.ടി.തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥ സജീല. മക്കൾ. അൽ-അമീൻ, ഷെഹീന, ആമിന.