കോട്ടയം. കാടമുറിയില്‍ തട്ടിയെടുക്കപ്പെട്ട സ്വന്തം കിടപ്പാടത്തിനായി വയോധിക ദമ്പതികള്‍ 21 മാസമായി നടത്തിവന്ന സമരം വിജയിച്ചു. പൊതുപ്രവര്‍ത്തകനും മുന്‍ ബാങ്ക് ഉദ്യോഗസ്ഥനുമായ എസ് ബാബുജി, ഭാര്യ വിജയം എന്നിവര്‍ നടത്തിയ സമരമാണ് അവസിനിപ്പിച്ചത്. വയോജനങ്ങള്‍ക്ക് ആശ്രയം എന്ന പദ്ധതിയോടെ ബാബുജി തന്റെ സകല സമ്പാദ്യവും ചിലവഴിച്ച് സ്ഥാപിച്ച നമ്മള്‍ കുടുംബവീട് വ്യാജരേഖകള്‍ ഉപയോഗിച്ച് ചിലര്‍ തട്ടിയെടുത്തതാണ് വന്‍ വിവാദവും കേസുമായത്.

ആയുര്‍വേദാശുപത്രിക്കായി ബാബുജി നല്‍കിയ സ്ഥലത്തിനൊപ്പം രേഖകളില്‍ തിരിമറി നടത്തി ചിലര്‍ കെട്ടിടവും ഭൂമിയും കൈവശമാക്കുകയായിരുന്നു. ഇതിനെതിരെ വയോധിക ദമ്പതികള്‍ ഇതിനുമുന്നില്‍ ടാര്‍പ്‌ളിന്‍ കെട്ടി താമസവും സമരവുമാരംഭിച്ചു. കേരളത്തില്‍ നിവധി പരിസ്ഥിതി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ് ബാബുജി 21മാസമായി സ്വന്തം കെട്ടിടത്തിനുമുന്നില്‍ മഴയിലും വെയിലിലും സമരത്തിലായിരുന്നു.

രാഷ്ട്രീയ പിന്‍ബലത്തോടെ സമരം തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെ ബാബുജിയും ബാബുജിയെപിന്തുണക്കുന്ന കാടമുറി ആക്ഷന്‍ കൗണ്‍സിലും പോരാടി തോല്‍പ്പിച്ചു.
കോടതി വിധിയും പഞ്ചായത്തിന്റെ വിലക്കുംമറികടന്ന് ബാബുജിക്കെതിരെ അക്രമം നടത്താനും ഗുണ്ടാസംഘം തയ്യാറായി. ബാബുജിയെ ആക്രമിച്ചതോടെ നാട്ടുകാര്‍ എതിര്‍ത്തു. ഇതിനിടെ ചാണ്ടി ഉമ്മന്‍ എംഎല്‍എ പ്രശ്‌നത്തില്‍ ഇടപെടുകയും പ്രശ്‌നം പഠിച്ച് ഒത്തുതീര്‍പ്പിന് ഒരു സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.

സംഘര്‍ഷം തുടര്‍ന്നതോടെ എംഎല്‍എ ഇരുകൂട്ടരെയും വിളിച്ചു വരുത്തി മുന്നോട്ടുവച്ച ഒത്തു തീര്‍പ്പു വ്യവസ്ഥയില്‍ കെട്ടിടം കൈവശപ്പെടുത്തിയവര്‍ ചെറിയ നഷ്ടപരിഹാരത്തോടെ സ്ഥാനം ഒഴിയാന്‍ തയ്യാറാവുകയുമായിരുന്നു. അതോടെ കഴിഞ്ഞദിവസം 21 മാസമായി ബാബുജിയും ഭാര്യും നടത്തിയ സമരം അവസാനിച്ചു. നമ്മള്‍ കുടുംബവീട് ബാബുജി ഏറ്റെടുത്തു. സമരത്തിന് ഒപ്പം നിന്നവര്‍ക്ക് ബാബുജി സമരസമിതി കണ്‍വീനര്‍ രാജഗോപാല്‍ എന്നിവര്‍ നന്ദി അറിയിച്ചു.
ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ചെയര്‍മാന്‍ ആണ് എസ് ബാബുജി