കുന്നത്തൂർ പാലത്തിൽ നിന്നും ആത്മഹത്യ ചെയ്യാൻ കല്ലടയാറ്റിൽ ചാടിയ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു; രക്ഷയായത് ഇതുമൂലം

Advertisement

കുന്നത്തൂർ:കുന്നത്തൂർ പാലത്തിൽ നിന്നും ആത്മഹത്യ ചെയ്യാൻ കല്ലടയാറ്റിൽ ചാടിയ യുവതി ഏറെ നേരത്തിനുശേഷമായിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നത്തൂർ സ്വദേശിനി23കാരിയാണ് ചൊവ്വാഴ്ച ഉച്ചയോടെ ആറ്റിൽ ചാടിയത്.യുവതി ചാടുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.എന്നാൽ പാലം വഴി കൊട്ടാരക്കരയിലേക്ക് പോയ സ്വകാര്യ ബസിലെ കണ്ടക്ടർ വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടതായി ആറ്റുകടവ് ഭാഗത്തെ സുഹൃത്തുക്കളെ അറിയിച്ചു.ഇവരെത്തി പരിശോധിച്ചപ്പോൾ യുവതിയാണ് കിടക്കുന്നതെന്ന് മനസിലാകുകയും പുത്തൂർ പൊലീസിനെ അറിയിക്കുകയും ചെയ്തു.

സ്ഥലത്ത് എത്തിയ പൊലീസും മൃതദേഹമാണെന്ന നിഗമനത്തിലെത്തി.പിന്നീട് ശാസ്താംകോട്ട ഫയർഫോഴ്സിൽ അറിയിച്ചു.ഫയർഫോഴ്സ് എത്തി മൃതദേഹമെന്ന നിലയിൽ കരയിലേക്ക് എടുക്കാൻ ശ്രമിക്കുമ്പോഴാണ് യുവതിക്ക് ജീവനുണ്ടെന്ന് മനസിലായത്.ഉടൻ തന്നെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.ഇരു തോളുകളെയും ബന്ധിപ്പിച്ച് പിറകിൽ തൂക്കിയിരുന്ന ബാഗ് ആണ് രക്ഷകനായത്.ബാഗ് ഊരാതെയാണ് യുവതി ആറ്റിലേക്ക് ചാടിയത്.ഇതിനാലാണ് മുങ്ങി താഴാതെ പൊങ്ങി കിടന്നതെന്നാണ് നിഗമനം.അവിവാഹിതയായ യുവതി ആറ്റിൽ ചാടാൻ ഇടയാക്കിയ കാരണം വ്യക്തമല്ല.ആത്മഹത്യകൾക്ക് കുപ്രസിദ്ധിയാർജിച്ച കുന്നത്തൂർ പാലത്തിൽ നിന്നും ആത്മഹത്യ ചെയ്യാനായി കല്ലടയാറ്റിൽ ചാടിയവർ രക്ഷപ്പെട്ട സംഭവം ഇതിന് മുൻപ് ഉണ്ടായിട്ടില്ല.

Advertisement