ശാസ്താംകോട്ട : സിപിഎം നേതാക്കളെ തിരുകി കയറ്റാൻ പിടിഎ തെരഞ്ഞെടുപ്പ് അട്ടിമറിച്ച നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്.ശൂരനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അടുത്ത അധ്യയന വർഷത്തേക്കുള്ള അധ്യാപക-രക്ഷാകർതൃ സമിതി തെരഞ്ഞെടുപ്പ് നടന്നത്.ഇതിനെതിരെ ഉന്നത അധികൃതർക്ക് ഉൾപ്പെടെ പരാതികൾ നൽകിയിട്ടും പ്രതിഷേധം വ്യാപകമായിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ പിടിഎ തെരഞ്ഞെടുപ്പിൽ 49 രക്ഷിതാക്കൾ മാത്രമാണ് പങ്കെടുത്തത്.ക്വാറം തികയാതെ നടന്ന പൊതുയോഗത്തിന് എതിരെ ചില രക്ഷിതാക്കൾ പ്രതിഷേധം ഉയർത്തിയെങ്കിലും പ്രിൻസിപ്പാളും ഹെഡ്മിസ്ട്രസും ചെവിക്കൊണ്ടില്ല.മറ്റ് രക്ഷിതാക്കളെയോ കുട്ടികളെയോ അറിയിക്കാതെ അതീവ രഹസ്യമായാണത്രേ പൊതുയോഗം
നടത്തിയത്.ഡിവൈഎഫ്ഐ മുൻ സംസ്ഥാന ഭാരവാഹിയും സിപിഎം നേതാവുമായ വ്യക്തിയെ മറ്റൊരു കുട്ടിയുടെ ലോക്കൽ ഗാർഡിയൻ എന്ന നിലയിൽ പിടിഎ ഭാരവാഹിത്വത്തിൽ തിരുകി കയറ്റുകയായിരുന്നു.ഇദ്ദേഹത്തിന്റെ
മക്കൾ ശാസ്താംകോട്ടയിലെ സിബിഎസ്ഇ സ്കൂളിലാണ് പഠിക്കുന്നതെന്നും പറയപ്പെടുന്നു. എന്നാൽ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും,ശിശുക്ഷേമ സമിതി പോലെയുള്ള സ്ഥാപനങ്ങൾ നിയമാനുസരണം രക്ഷാകർതൃത്വം ചുമതലപ്പെടുത്തിയിട്ടുള്ള വ്യക്തികൾക്കും മാത്രമേ പിടിഎ കമ്മിറ്റിയിൽ അംഗങ്ങളോ ഭാരവാഹികളോ ആയിരിക്കാനുളള നിയമം നിലനിൽക്കേയാണ് ആസൂത്രിതമായി സിപിഎം നേതാവിനെ ഉൾപ്പെടുത്തിയതെന്നാണ് ആക്ഷേപം ഉയരുന്നത്.സ്കൂൾ അധികൃതർ ഇത്തരം തെറ്റായ പ്രവണത തിരുത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ തുടർ സമരങ്ങൾ ആരംഭിക്കുമെന്നും കോൺഗ്രസ് ശൂരനാട്,ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികൾ മുന്നറിയിപ്പ് നൽകി.സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ
സ്കൂളിൽ ഉപരോധ സമരം നടത്തി.യൂത്ത് കോൺഗ്രസ്സ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് അനുതാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റുമാരായ
ആർ.നാളിനാക്ഷൻ,പ്രസന്നൻ വില്ലാടൻ,എച്ച്.അബ്ദുൽ ഖലീൽ,മിനി സുദർശൻ,ശ്രീലക്ഷ്മി,ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.