നാടുവരണ്ടിട്ടും കനാല്‍ ജലമകലെ,അവിടവിടെ പ്രക്ഷോഭം തുടങ്ങി

Advertisement

പള്ളിശ്ശേരിക്കൽ മേഖലയിൽ കനാൽ ജലം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിധികൾ കെഐപി ഓഫീസ് ഉപരോധിച്ചു

ശാസ്താംകോട്ട:മുന്‍വര്‍ഷങ്ങലിലേതില്‍നിന്നും അതിരൂക്ഷമായ വരള്‍ച്ചയുടെ പിടിയില്‍ നാട് അമര്‍ന്നിട്ടും കനാല്‍ തുറക്കാന്‍ നടപടിയില്ല. പലയിടത്തും കനാല്‍ ശുചീകരണം പൂര്‍ണമായില്ലെന്നും ചിലയിടത്തെ ഉല്‍സവങ്ങളുടെ പേരിലുംമൊക്കെയാണ് നാട് വരണ്ടു നശിച്ചിട്ടും ജലം തുറന്നുവിടാത്തതെന്ന് പരാതിയുണ്ട്. ഇത്രയും വൈകി കനാല്‍ തുറന്ന ചരിത്രമില്ലെന്നല്ല, ഇത്രയും ജലനിരപ്പ് താണിട്ടും കനാല്‍ തുറക്കാതിരുന്നിട്ടില്ല. കിണറുകള്‍ വറ്റിയ മേഖലകളില്‍ കനാല്‍ ജലമാണ് ആശ്വാസം. കനാല്‍ജലം എത്തിയാല്‍പ്രാദേശിക ജല സ്രോതസുകള്‍ പുനരുജ്ജീവിക്കും. കൃഷിക്കും വലിയ ആശ്വാസമാകും.

ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ 15,16 വാർഡുകൾ ഉൾപ്പെടുന്ന പള്ളിശ്ശേരിക്കൽ പ്രദേശത്ത് കനാൽ ജലം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സിനിമാപറമ്പ് കെഐപി ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് അംഗങ്ങളായ എസ്.എ നിസാർ,നെസീമാ ബീവി,കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.കനാൽ വൃത്തിയാക്കി വെള്ളിയാഴ്ച മുതൽ മേഖലയിലെ കനാലിൽ കൂടി ജലം എത്തിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

Advertisement