തണ്ണിമത്തന്‍…. വിപണി കീഴടക്കുന്നു

Advertisement

പുനലൂര്‍: വേനല്‍ ചൂട് കടുത്തതോടെ വഴി നീളെ തണ്ണിമത്തന്‍ നിറയുന്നു. കൂടുതല്‍ ആവശ്യക്കാരെത്തിയതോടെ കച്ചവടവും കൂടുതലായി. വേനലില്‍ ജലാംശം തടയാന്‍ തണ്ണിമത്തന് കഴിയുന്നു എന്നതാണ് പ്രിയമേറാന്‍ കാരണം. കര്‍ണ്ണാടകയില്‍ നിന്നുള്ള കിരണ്‍, തമിഴ്നാട്ടില്‍ നിന്നുള്ള നാംധാരി, വിശാല്‍, സമാം എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനുകളാണ് കേരളത്തിലേക്കെത്തുന്നത്. 2012 ല്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച് കാമ്പിന് കുരുവില്ലാത്ത, മഞ്ഞനിറമുള്ള തണ്ണിമത്തനും വിപണിയില്‍ ലഭ്യമാണ്. എന്നിരുന്നാലും ചുമന്നകാമ്പുള്ള തണ്ണിമത്തനാണ് ആളുകള്‍ക്ക് പ്രിയം.
വിപണി സജീവമായതോടെ തണ്ണിമത്തന്‍ ജ്യൂസും, വിവിധ പഴച്ചാറുകള്‍ വില്‍ക്കുന്ന കടകളും സജീവമായിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പുനലൂരില്‍ ഉള്‍പ്പെടെ നിരവധി പേരാണ് കച്ചവടത്തിനായി എത്തിയിരിക്കുന്നത്.
വെള്ളരി വര്‍ഗത്തില്‍പ്പെട്ട തണ്ണിമത്തന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. 20 മുതല്‍ 25 രൂപവരെയാണ് ഒരു കിലോയ്ക്ക് ഈടാക്കുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ചൂട് കടുക്കുന്നതോടെ തണ്ണിമത്തന്‍ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. കനത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ പാതയോരങ്ങളില്‍ കരിക്ക്, പനം നൊങ്, പനം കരിക്ക് എന്നിവയും വില്പനയ്ക്കുണ്ട്.

Advertisement