മാസങ്ങളായി പെൻഷൻ നിലച്ചതിനെ തുടർന്ന് വൃദ്ധ ജീവനൊടുക്കിയ സംഭവം:സാമ്പത്തിക ബാധ്യതയ്ക്കൊപ്പം രോഗവും പട്ടിണിയും അലട്ടിയിരുന്നു;മാധ്യമങ്ങളെ തടയാൻ പ്രാദേശിക സിപിഎം നേതാക്കളുടെ ശ്രമം

Advertisement

ശാസ്താംകോട്ട:ഏഴ് മാസമായി സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത മൂലം വീടിനുള്ളിൽ വൃദ്ധ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.ശാസ്താംകോട്ട – കുന്നത്തൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കരിന്തോട്ടുവ
ചേന്നംകുളം ബിന്ദു ഭവനിൽ ഓമന (78) കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ജീവനൊടുക്കിയത്.മരം കയറ്റ തൊഴിലാളിയായിരുന്ന ഭർത്താവ് വേലായുധൻ (84) കഴിഞ്ഞ 5 വർഷമായി രോഗാവസ്ഥ മൂലം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.ശാസ്താംകോട്ട
ഗ്രാമപഞ്ചായത്തിൽ അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയിൽപ്പെട്ട ഇവർക്ക് അർഹമായ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ഇവരുടെ പുനരധിവാസ നടപ്പാക്കാനും പഞ്ചായത്ത് ശ്രമിച്ചിരുന്നില്ലെന്ന് പരാതിയുണ്ട്.കുന്നത്തൂർ കാഷ്യൂ കോർപ്പറേഷൻ ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന ഓമനയ്ക്കും ഭർത്താവ് വേലായുധനും ലഭിച്ചിരുന്ന പെൻഷൻ മാത്രമായിരുന്നു ഇവരുടെ ഏകവരുമാനം.ഇതിൽ നിന്നും ഒരു വിഹിതം മക്കളായ രേണുകയ്ക്കും ബിന്ദുവിനും നൽകാറുണ്ടായിരുന്നു.രേണുകയുടെ ഭർത്താവ് ബാലകൃഷ്ണൻ അർബുദബാതിനായി ചികിത്സയിലാണ്.ഇളയ മകൾ ബിന്ദു ഹൃദയ സംബന്ധമായ രോഗത്താൽ ബുദ്ധിമുട്ടുകയാണ്.ഈ സാഹചര്യത്തിൽ പെൻഷൻ മുടങ്ങിയത് ഇവരെ ഏറെ അലട്ടിയിരുന്നു.അതിനിടെ ഗർഭാശയ സംബന്ധമായ രോഗം മരിച്ച ഓമനയെ മാനസികമായി തളർത്തിയിരുന്നതായി മകൾ രേണുക പറഞ്ഞു.പണം ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോയിരുന്നില്ല.വിവരം തങ്ങളിൽ നിന്നും മറച്ചുവച്ചിരുന്നതായും മരണ ശേഷം വീട്ടിലെത്തിയ മാതാവിന്റെ സുഹൃത്തുക്കളാണ് ഇത് വെളിപ്പെടുത്തിയതെന്നും മകൾ വ്യക്തമാക്കി.അടുത്തിടെ രോഗം അലട്ടിയപ്പോൾ പഞ്ചായത്തിൽ നിന്നും കിട്ടിയ പോത്തുകുട്ടിയെ വിറ്റ് കിട്ടിയ പണം കൊണ്ടാണ് വൃദ്ധ ദമ്പതികൾ ആശുപത്രിയിൽ പോയതെന്ന് വാർഡ് മെമ്പർ വത്സല ബിനോയ് പറഞ്ഞു.രോഗത്തോടൊപ്പം പട്ടിണിയും ഓമനയേയും വേലായുധനെയും അലട്ടിയിരുന്നു.പല ദിവസങ്ങളിലും അരവയർ കഴിക്കാൻ പോലും നിവർത്തി ഇല്ലാതെ പട്ടിണി കിടന്നിട്ടുണ്ട്.ഓമന മരിച്ച ദിവസം കഞ്ഞിയും ചക്ക വേവിച്ചതുമായിരുന്നു ഭക്ഷണം.ഇത് ഭർത്താവ് കഴിച്ചിരുന്നെങ്കിലും ഓമന കഴിച്ചില്ലെന്നാണ് അറിയുന്നത്.അതിദ്രരിദ്ര കുടുംബമായിട്ടും സംസ്ക്കാര ചടങ്ങിന് അനുവദിക്കാമായിരുന്ന തുച്ഛമായ തുക പോലും കൈമാറാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ലെന്ന് പരാതിയുണ്ട്.പഞ്ചായത്ത് പ്രസിഡന്റും സ്ഥലം എംഎൽഎയും മരിച്ച ഓമനയുടെ വീട് സന്ദർശിക്കാൻ തയ്യാറായത് മാധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷമാണ്.സംഭവം സർക്കാരിനും പഞ്ചായത്തിനും എതിരെ തിരിഞ്ഞതോടെ സ്ഥലത്തെത്തിയ മാധ്യമങ്ങളെ തടയാൻ പ്രാദേശിക സിപിഎം നേതാക്കൾ ശ്രമിച്ചത് വാക്ക് തർക്കത്തിനിടയാക്കി.മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ വാർത്തയാണ് നൽകുന്നത് എന്നായിരുന്നു ഇവരുടെ വാദം.മരിച്ച ഓമനയുടെ വീട്ടിലെത്തിയ
കൊടിക്കുന്നിൽ സുരേഷ് എം.പി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായങ്ങളും അടിയന്തിരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.

Advertisement