പ്രാണരക്ഷയ്ക്കായി പോസ്റ്റ് ഓഫീസിന് ഉള്ളിലേക്ക് ഓടിക്കയറി…. സ്ത്രീക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയില്‍

Advertisement

കരുനാഗപ്പളളി: പോസ്റ്റ് ഓഫീസ് കെട്ടിടത്തിനുള്ളില്‍ കയറി സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ച ആളെ പോലീസ് പിടികൂടി. തൊടിയൂര്‍, വേങ്ങറ കാരക്കാവിളയില്‍ വിനോദ് (45) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന അഞ്ചര സെന്റ് സ്ഥലം തൊടിയൂര്‍ സ്വദേശിനിയായ ഗിരിജ വാങ്ങിയിരുന്നു. എന്നാല്‍ ഇത് വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തതാണെന്ന് ആരോപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉച്ചയോടെ തൊടിയൂര്‍ പോസ്റ്റ് ഓഫീസില്‍ എത്തിയ ഇയാള്‍ ഗിരിജയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പ്രാണരക്ഷയ്ക്കായി പോസ്റ്റ് ഓഫീസിന് ഉള്ളിലേക്ക് ഓടിക്കയറിയ ഗിരിജയെ ഇയാള്‍ വെട്ടി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോസ്റ്റ് മാസ്റ്ററും മറ്റും ചേര്‍ന്ന് ഇയാളെ തടയുകയായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷമീര്‍, ഷിജു, ഷാജിമോന്‍, എസ്‌സിപിഒ മാരായ ഹാഷിം, രാജീവ്, സി.പിഒ സരണ്‍ എന്നിവരുള്‍പ്പെട്ട സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

Advertisement