കുന്നത്തൂർ : സർക്കാർ പെൻഷൻ വിതരണത്തിൽ കാലതാമസം വരുത്തിയതിനെ തുടർന്ന് പട്ടിണിയിലായ അതിദാരിദ്ര കുടുംബത്തിൽപ്പെട്ട പട്ടികജാതിക്കാരിയും കശുവണ്ടി തൊഴിലാളിയുമായിരുന്ന ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ കരിന്തോട്ടുവ കുഴീകരിക്കത്തിൽ ബിന്ദു ഭവനത്തിൽ ഓമന ആത്മഹത്യ ചെയ്തതിനു ഒന്നാം പ്രതി സംസ്ഥാന സർക്കാരാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു.സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ തുക ഉപയോഗിച്ച് ജീവിതം കഴിച്ചു കൂട്ടുന്ന സാധാരണക്കാർ കുടുംബത്തിൽ മരുന്നു വാങ്ങാനും ഭക്ഷണം കഴിക്കാനും മറ്റും ഈ തുക സമയത്തു ലഭിക്കാതെ സ്വയം ജീവൻ വെടിയുമ്പോൾ സംസ്ഥാന സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്നും അദ്ദേഹം പറഞ്ഞു.ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു അർഹതയുള്ളവർക്ക് രണ്ടും മൂന്നും പെൻഷൻ തുക ലഭിച്ചിരുന്നപ്പോൾ പിണറായി സർക്കാർ അത് ഒറ്റ പെൻഷൻ ആയി കുറച്ചു നാമമാത്ര തുകയാക്കി നൽകി.
ശാസ്താംകൊട്ടയിൽ ആത്മഹത്യ വീട്ടമ്മ രോഗിയായ ഭർത്താവിനും മക്കൾക്കും മരുന്നു വാങ്ങാനും ഭക്ഷണത്തിനു നിവൃത്തി ഇല്ലാത്ത സാഹചര്യത്തിൽ പെൻഷൻ തുക ലഭിക്കാത്തതിനെ കുറിച്ച് അന്വേഷിച്ചു പഞ്ചായത്തിലും വില്ലേജ് ഓഫീസിലും എത്തിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നീതി ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഓമന ആത്മഹത്യ ചെയ്തെന്നും കൊടിക്കുന്നിൽ പറഞ്ഞു.ഓമനയുടെ വീട് സന്ദർശിച്ച എം.പി ഭർത്താവിനെയും മക്കളെയും ആശ്വസിപ്പിച്ചു.ജില്ലാ കളക്ടറെ ഫോണിൽ ബന്ധപ്പെട്ട് അടിയന്തിര സഹായം ലഭ്യമാകണമെന്നും ആവിശ്യപ്പെട്ടു.കുന്നത്തൂർ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ഗോകുലം അനിൽ,പഞ്ചായത്ത് അംഗം റെജി കുര്യൻ,ബിനോയ് എന്നിവരും ഒപ്പമുണ്ടായിരുന്നു