അഞ്ചലില്‍ മദ്യപാനത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മില്‍ കത്തിക്കുത്ത്; മരണം രണ്ടായി

Advertisement

അഞ്ചല്‍: കൊച്ചുകുരുവിക്കോണത്ത് മദ്യപാനത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും കത്തിക്കുത്തിലും പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്നവരില്‍ ഒരാള്‍ കൂടി മരിച്ചു. നെടിയറ സ്വദേശി വിഷ്ണു(34) ആണ് മരിച്ചത്. കഴിഞ്ഞദിവസം നെടിയറ കോയിപ്പാട്ട് വീട്ടില്‍ ഭാസി (60) മരണപ്പെട്ടിരിന്നു. ഇതോടെ സംഭവത്തില്‍ മരണമടഞ്ഞവരുടെ എണ്ണം രണ്ടായി. ഭാസിയുടെ മകന്‍ മനോജ് (30) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നെടിയറ സ്വദേശി ജയചന്ദ്രപ്പണിക്കരെ (60) അഞ്ചല്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് പറയുന്നത്: ചൊവ്വാഴ്ച രാത്രി 8ന് അഞ്ചല്‍-പുനലൂര്‍ പാതയില്‍ കൊച്ചുകുരുവിക്കോണം ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെയുള്ള സ്വകാര്യ സിമന്റ് ഗോഡൗണ്‍ സൂക്ഷിപ്പുകാരനും സമീപത്തെ വീട്ടിലെ താമസക്കാരനുമായ ഭാസിയും ബന്ധുവായ ജയചന്ദ്രപ്പണിക്കരും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു. വാക്കേറ്റം പിന്നീട് സംഘട്ടനമായി.
തനിക്ക് മര്‍ദ്ദനമേറ്റ വിവരം ഭാസി മകന്‍ മനോജിനെ അറിയിച്ചു. മനോജ് സുഹൃത്ത് വിഷ്ണുവിനൊപ്പമെത്തി ജയചന്ദ്രപ്പണിക്കരെ മര്‍ദ്ദിച്ചു. ഇതിനിടെ ജയചന്ദ്രപ്പണിക്കര്‍ കൈയിലിരുന്ന കത്തി ഉപയോഗിച്ച് മൂവരെയും കുത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഞ്ചല്‍ പോലീസ് മൂവരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഭാസിയും ഇന്ന് വിഷ്ണുവും മരിച്ചു. ജയചന്ദ്രപ്പണിക്കരെ സംഭവ സ്ഥലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.

Advertisement