കരുനാഗപ്പള്ളി.സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു മാസം മാത്രമുള്ളപ്പോൾ സ്വകാര്യ ബസ്സുകൾക്ക് നിരന്തരം പെറ്റിയടിച്ച് മോട്ടോർ വാഹന വകുപ്പും പോലീസും. കുന്നത്തൂർ, കരുനാഗപ്പള്ളി, അടൂർ മേഖലകളിലാണ് ഒളിച്ചു നിന്ന് ഫോട്ടോയെടുത്ത് പെറ്റി ഈടാക്കുന്നത്. ബസ് ഉടമയോ ജീവനക്കാരോ അറിയാതെയാണ് പലപ്പോഴും പെറ്റിയടിക്കുന്നത്.ആർ.ടി.ഒ സേവനങ്ങൾക്കായി ചെല്ലുമ്പോഴാണ് പിഴയുടെ കാര്യം അറിയുന്നത് തന്നെ. ദിനം പ്രതി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുകയാണ് ഉദ്യോഗസ്ഥ വൃന്ദം ഇതിലൂടെ ചെയ്യുന്നതെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി അഷ്റഫ് സഫ പറഞ്ഞു. അന്യായ പെറ്റിയ്ക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് ബസ്സുടമകൾ .