മറ്റു പാർട്ടികളിൽ നിന്നുള്ളവരെ ഉന്നത സമിതികളിൽ ഉൾപ്പെടുത്താൻ നീക്കം: കരുനാഗപ്പള്ളിയിൽ സിപിഎമ്മിൽ പൊട്ടിത്തെറി

Advertisement

കരുനാഗപ്പള്ളി.വിവിധ പാർട്ടികളിൽ നിന്ന് വന്നവരെ സിപിഎമ്മിന്റെ ഉന്നത സമിതികളിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കരുനാഗപ്പള്ളിയിൽ സിപിഎമ്മിനുള്ളിൽ അഭിപ്രായഭിന്നത രൂക്ഷം. അനർഹമായ പരിഗണന കൊടുത്ത് ചിലരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. കഴിഞ്ഞദിവസം ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ കൂടിയ ഏരിയ കമ്മിറ്റിയിൽ നിന്ന് തീരുമാനത്തിൽ പ്രതിഷേധിച്ച് നിരവധി ഏരിയ കമ്മിറ്റി അംഗങ്ങൾ ഇറങ്ങിപ്പോയതായും സൂചനയുണ്ട്. മുൻ ജെഎസ്എസ് നേതാവായിരുന്ന ബി. ഗോപനെ കൊല്ലം ജില്ലാ കമ്മിറ്റിയിലും എം .സി .പി .ഐ .യു നേതാവായിരുന്ന ഡി മുരളീധരനെയും കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പത്താം ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സുഷലതാ സതീശനെയും ലോക്കൽ കമ്മിറ്റിയിലും, 200 ഓളം പേരെ വിവിധ ഘടകങ്ങളിലും ഉൾപ്പെടുത്തിയാണ് ജില്ലാ കമ്മിറ്റി തീരുമാനമെടുത്തത്. എന്നാൽ ഇക്കാര്യത്തിൽ കരുനാഗപ്പള്ളിയിലെ പാർട്ടിയുടെ അഭിപ്രായം കേൾക്കാതെയുള്ള  തീരുമാനമാണ് വന്നിരിക്കുന്നത് എന്ന ആക്ഷേപവുമായാണ് പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

മുൻ ജെ.എസ് .എസ് പ്രവർത്തകനും കരുനാഗപ്പള്ളിയിലെ പ്രാദേശിക നേതാവും മാത്രമായ ഗോപനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് അംഗീകരിക്കാൻ ആവില്ല എന്നഅഭിപ്രായമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.ഏരിയാ സെക്രട്ടറി ഉൾപ്പടെ കരുനാഗപ്പള്ളിയിലെ പാർട്ടിക്കുള്ളിൽ ഇരുചേരുകളിലായി നിൽക്കുന്നവർക്കും ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണ് ഉള്ളതെന്നാണ് അറിയാൻ കഴിയുന്നത്. നേരത്തെ ഗൗരിയമ്മയ്ക്ക് ഒപ്പം പോയ ഗോപൻ പിന്നീട് ഗൗരിയമ്മയെ തള്ളിപ്പറഞ്ഞിരുന്നു. ഇതേ തുടർന്ന് ജെഎസ്എസ് വിട്ട ഗോപന് രാഷ്ട്രീയ സ്വാധീനം തീരെയില്ലെന്നും ഇയാൾ തിരികെ സി.പി.എമ്മിൽ എത്തുന്നത് ഗൗരിയമ്മയെ സ്നേഹിക്കുന്ന വലിയ വിഭാഗത്തിന്റെ എതിർപ്പിന് ഇടയാക്കും എന്നും ഒരു വിഭാഗം പറയുന്നു. തീരുമാനം പുനപരിശോധിച്ചില്ലെങ്കിൽ പ്രതിഷേധവുമായി കൂടുതൽ പാർട്ടി പ്രവർത്തകർ രംഗത്ത് വരുമെന്നാണ് പ്രതിഷേധക്കാർ നൽകുന്നസൂചന. ഇതിനിടെ 70 വയസ്സ് പിന്നിട്ട മുരളീധരനെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് പാർട്ടി മാനദണ്ഡത്തിന് വിരുദ്ധമാണെന്നും ഒരു വിഭാഗം ചൂണ്ടി കാട്ടുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ആർ.എസ്.പി പിന്തുണയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സുഷലത അന്ന് പാർട്ടി മെമ്പർ മാത്രമായിരുന്നുവെന്നും മൂന്നുവർഷത്തിനു ശേഷം  അവർ ലോക്കൽ കമ്മിറ്റി അംഗമായി തിരികെ എത്തുന്നത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടുമാണ് പ്രതിഷേധം ഉയർത്തുന്നവരുടേത്. പ്രദേശത്തെ പാർട്ടി പ്രവർത്തകരുടെ വികാരത്തെ വെല്ലുവിളിക്കുന്ന നിലപാട് തിരുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം പരസ്യ പ്രതിഷേധവുമായി വരും ദിവസങ്ങളിൽ മുന്നിട്ടിറങ്ങാനാണ് ഇവരുടെ തീരുമാനം.

തൊടിയൂർ കുലശേഖരപുരം പഞ്ചായത്തുകളിലെ ലോക്കൽ കമ്മിറ്റികളിലും ഉൾപെടുത്തിയ വ്യക്തികളെ സംബന്ധിച്ചും ശക്തമായ പ്രതിഷേധമാണ് ഈ ഭാഗങ്ങളിലുള്ള പാർട്ടി ഘടകങ്ങൾക്കുള്ളത്. ലോക്കൽ സെക്രട്ടറിമാർ തന്നെ ഇതിനെതിരെ രംഗത്ത് വന്നു. ഗുരുതരമായ കേസുകളിൽ പെട്ടവരും സിപിഐ, കോൺഗ്രസ്, ബിജെപി പ്രവർത്തകരും പാർട്ടിയിലേക്ക് കടന്നു വരുന്നവരുടെ ലിസ്റ്റിൽ തെറ്റായി ഉൾപ്പെട്ടു വന്നതായി ആക്ഷേപമുണ്ട്. ഇവരുടെയെല്ലാം പേര് പെരുപ്പിച്ചു കാണിച്ച് ഗോപൻ പാർട്ടി നേതൃസ്ഥാനം തട്ടിയെടുക്കുകയായിരുന്നു എന്നും ഒരു വിഭാഗം പറയുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ .സോമപ്രസാദ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കൂടിയ ഏരിയ കമ്മിറ്റിയിലാണ് പ്രതിഷേധം പൊട്ടിത്തെറിയിലേക്ക് വഴി മാറിയത്. രൂക്ഷമായ വാദപ്രതിവാദങ്ങളും യോഗത്തിൽ നടന്നതായും സൂചനയുണ്ട്. സി.പി.എം ഏരിയ സെക്രട്ടറിക്കും ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധമുണ്ടെന്നാണ് അറിയുന്നത്. പ്രതിഷേധം ശക്തമായതോടെ തീരുമാനം അംഗീകരിക്കാതെ മറ്റു മാർഗ്ഗമില്ലെന്ന നിലപാട് സോമപ്രസാദ് സ്വീകരിച്ചതോടെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാട് മറുവിഭാഗവും സ്വീകരിക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചിട്ടയോടെ മുന്നോട്ടുപോകുന്നതിനിടയിൽ വിവാദപരമായ തീരുമാനങ്ങളിലൂടെ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസം ഉടലെടുക്കാൻ കാരണമായതിൽ ജില്ലയിലെ മുതിർന്ന നേതാക്കൾക്കും അതൃപ്തിയുണ്ട്.ഇതിനിടെ ഇക്കാര്യങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാം എന്ന മുതിർന്ന നേതാക്കളുടെ നിർദ്ദേശം സി.പി.എം ജില്ലാ സെക്രട്ടറി തള്ളിക്കളഞ്ഞതായും പറയപ്പെടുന്നു.   വ്യാജ ലിസ്റ്റ് ഉണ്ടാക്കി പാർട്ടി ഘടകങ്ങളെയും പ്രവർത്തകരെയും മറികടന്ന് ഉന്നത സ്ഥാനങ്ങളിലേക്ക് ഇവർ എത്തിയതിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. 

നവ കേരള സദസിന്റെ മികച്ച വിജയത്തോടെ കരുനാഗപ്പള്ളിയിലെ പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന സംഘടനാ പ്രശ്നങ്ങളിൽ അയവ് വന്നതോടെ ഇത് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന വിലയിരുത്തലിനിടയിലാണ് വിവാദപരമായ തീരുമാനങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിരിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പ്രവർത്തകരും നേതാക്കളും പ്രതിഷേധവുമായി രംഗത്തുവരുമെന്നും സൂചനയുണ്ട്. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുമെന്ന ആശങ്കയിലാണ് ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ ഭൂരിപക്ഷം ലഭിച്ച കരുനാഗപ്പള്ളിയിൽ ഇത്തവണ ആ ഭൂരിപക്ഷത്തെ മറികടന്ന് നേരിയതോതിൽ എങ്കിലും എൽ.ഡി.എഫ് ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെങ്കിൽ അത് പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഫലത്തെ ഗൗരവമായി ബാധിക്കും എന്നതിനാൽ കരുനാഗപ്പള്ളിയിലെ സംഘടന പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കണമെന്ന അഭിപ്രായമാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കുള്ളത്. ഇക്കാര്യങ്ങൾ അവർ സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥി എ എം ആരിഫും ഇക്കാര്യങ്ങൾ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നാണറിയുന്നത്. ഇതിനിടെ മുൻ കൈ.ഡി.എഫ് നേതാവ് കെ .പ്രഹ്ലാദനെ ശൂരനാട് ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ നടപടിക്കെതിരെ ശൂരനാട്ടും പ്രതിഷേധം ഉയരുന്നുണ്ട്.പ്രഹ്ലാദൻ ഉൾപ്പടെയുള്ളവരെല്ലാം നേതൃത്വത്തെ നേരിൽകണ്ട് തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിക്കുകയായിരുന്നുവെന്നും ജില്ലാ സെക്രട്ടറി നേരിട്ട് ഇക്കാര്യങ്ങൾ തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നു എന്നും, യഥാർത്ഥ വസ്തുത സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്നും ശൂരനാട്ടെ ഒരു വിഭാഗം പാർട്ടി പ്രവർത്തകരും പറയുന്നു. ഏതായാലും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ജില്ലയിലെ തന്നെ ശക്തമായ പാർട്ടി അടിത്തറയുള്ള കരുനാഗപ്പള്ളിയിൽ ഉണ്ടായിരിക്കുന്ന സംഘടനാ വിഷയങ്ങൾ നേതൃത്വത്തിന് പുതിയ തലവേദനയായി മാറും.

Advertisement