മോക്ഷമില്ലാതെ കൊട്ടാരക്കര പൊതുശ്മശാനം

Advertisement

കൊട്ടാരക്കര: നിര്‍മാണോദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിടാറായിട്ടും മോക്ഷ കവാടം എന്ന് പേരിട്ട പൊതു ശ്മാശാനത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ കൊട്ടാരക്കര നഗരസഭ. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കൊട്ടാരക്കര നഗരസഭ പരിധിയില്‍ രണ്ട്- മൂന്ന് സെന്റില്‍ പാര്‍ക്കുന്നവരും വാടകയ്ക്ക് കഴിയുന്നവരുമായ 100 കണക്കിന് കുടുംബങ്ങളില്‍ മരണം സംഭവിച്ചാല്‍ സംസ്‌കാരത്തിനായി 25 കിലോമീറ്റര്‍ താണ്ടി കൊല്ലം പോളയത്തോട് ശ്മശാനത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
മുന്‍പ് കൊട്ടാരക്കര പഞ്ചായത്തായിരുന്നപ്പോള്‍ ഉഗ്രന്‍കുന്നില്‍ ശ്മശാനം ഉണ്ടായിരുന്നു. ഇവിടെ മാലിന്യ പ്ലാന്റ് ആരംഭിച്ചതോടെ ശ്മശാനം ഇല്ലാതെയായി. ഒടുവില്‍ ജനങ്ങളുടെ നീണ്ടനാളത്തെ ആവശ്യത്തെ തുടര്‍ന്ന് 58 ലക്ഷം രൂപ വകയിരുത്തി എല്‍പിജി ശ്മശാനം നിര്‍മിക്കാന്‍ അനുമതി ലഭിച്ചു. 2022 മെയ് മാസത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് ഒരു വര്‍ഷം കൊണ്ട് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചു.
എന്നാല്‍ നഗരസഭയുടെ ഭരണം സിപിഎം നേതൃത്വത്തില്‍ ആയതോടെ നിര്‍മാണം നിലച്ചു. പ്ലാന്റിന്റെ സാമഗ്രികള്‍ കാടും മണ്ണും കയറി നിലത്തു കിടന്ന് നശിക്കാന്‍ തുടങ്ങി. പ്രതിഷേധം ശക്തമായതോടെ പ്ലാന്റില്‍ സാമഗ്രികള്‍ സജ്ജീകരിച്ചു. ഇപ്പോള്‍ ആറു മാസമായി
വൈദ്യുതീകരണം നടത്താതെയും ചുറ്റുമതില്‍ നിര്‍മിക്കാതെയും ഉപേക്ഷിച്ച മട്ടില്‍ കാട് കയറിയും മാലിന്യങ്ങള്‍ തള്ളിയ നിലയിലുമാണ് ശ്മശാനം. നഗരസഭയുടെ കുറഞ്ഞ ടെണ്ടര്‍ തുകയ്ക്ക് വൈദ്യുതീകരണ കരാര്‍ എടുക്കാന്‍ ആരും തയ്യാറാവുന്നില്ല.

Advertisement