കണത്താർകുന്നം ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനായി പരിസരം ശുചീകരിച്ച് അബ്ദുൽ റഹ്മാൻ

Advertisement

ശാസ്താംകോട്ട:പടിഞ്ഞാറേ കല്ലട കണത്താർകുന്നം മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് നാടൊരുങ്ങുമ്പോൾ ക്ഷേത്ര സമീപമുള്ള റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കുന്ന തിരക്കിലാണ് ഈ മുസ്ളിം വയോധികന്‍. കാരാളിമുക്ക് പാട്ട് പുരയിൽ വീട്ടിൽ  അബ്ദുൾറഹ്മാൻ(73) ആണ് മതമൈത്രിയുടെ സന്ദേശം വാക്കുകളിൽ അല്ല പ്രവൃത്തികളിലാണെന്ന് തെളിയിക്കുന്നത്.കാരാളിമുക്കിലെ റെയിൽവേ മേൽപ്പാലങ്ങൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിലെ കാട് വെട്ടിത്തെളിച്ചും അവിടെ ചെടികൾ നട്ട് പിടിപ്പിച്ചും അവയെ പരിപാലിച്ചും അബ്ദുൽ റഹ്മാൻ മുൻപും മാതൃകാ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

കാരാളിമുക്കിലും പരിസര പ്രദേശങ്ങളിലും എവിടെ മാലിന്യങ്ങൾ കണ്ടാലും അത് ഇദ്ദേഹം സ്വയം വ്യത്തിയാക്കും.സൗദി അറേബ്യയിലെ റോഡുകൾ വൃത്തിയാക്കി അവിടെ ചെടികളും മറ്റും നട്ട് പരിപാലിക്കുന്ന ജോലി
വർഷങ്ങളോളം ചെയ്തു വന്നിരുന്ന അബ്ദുൽ റഹ്മാൻ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്.കാടും മാലിന്യങ്ങളും നിറഞ്ഞ നാടിന്റെ അവസ്ഥ കണ്ട് ദുഖം തോന്നിയ ഇദ്ദേഹം തന്നെ കൊണ്ട് ആവുന്ന രീതിയിൽ പൊതു സ്ഥലം വൃത്തിയാക്കാൻ തുനിഞ്ഞിറങ്ങുകയായിരുന്നു.ഇതിന്റെ ഭാഗമായാണ് ക്ഷേത്രപരിസരം വൃത്തിയാക്കുന്നതും.