ബാര്‍ കൗണ്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം: ബാര്‍ കൗണ്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. തഴുത്തല മണി മന്ദിരത്തില്‍ വിപിന്‍ (27), തഴുത്തല, ചിറക്കര പുത്തന്‍ വീട്ടില്‍ വിശാഖ് (26) എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച വൈകിട്ട് ആറോടെ കൊട്ടിയത്തെ ബാറില്‍ എത്തിയ പ്രതികള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും ഗ്ലാസ്സുകള്‍ പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ബാറിലെ ജീവനക്കാര്‍ ഇവരെ ബാറില്‍ നിന്ന് പുറത്താക്കി. ഇതില്‍ പ്രകോപിതരായ ഇവര്‍ രാത്രിയില്‍ പെട്രോള്‍ നിറച്ച കുപ്പിയുമായി ബാറിലെത്തുകയും കൗണ്ടറില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന നന്ദുവിന്റെയും ലിബിന്റെയും നേര്‍ക്ക് പെട്രോള്‍ വീശി ഒഴിച്ചതിനു ശേഷം തീ കത്തിക്കുകയുമായിരുന്നു.
കൗണ്ടറില്‍ ഉണ്ടായിരുന്ന കമ്പ്യൂട്ടറും പ്രിന്ററുകളും പണവും മറ്റ് ഉപകരണങ്ങളും അടക്കം രണ്ട് ലക്ഷത്തിന് മുകളില്‍ നാശനഷ്ടമുണ്ടായി. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സുനില്‍, വില്‍സണ്‍, സുരേഷ്, സിപിഒ വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.