ചവറ: പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി. കൊല്ലം മുളവന അനു വില്ലയില്‍ അനൂപ് (29), കൊല്ലം പടപ്പക്കര മരിയാലയത്തില്‍ നിജു (29), കൊല്ലം പടപ്പക്കര അനീഷ് ഭവനില്‍ അനീഷ് (30) എന്നിവരാണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. ഇവര്‍ അരിനല്ലൂര്‍ മണ്ണാരേഴത്ത് തെക്കതില്‍ സജീവ് ആന്റണിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് സജീവ് ആന്റണി ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് അന്വേഷണത്തിനായി ഇയാളുടെ വീട്ടില്‍ എത്തിയ എസ്‌ഐ പ്രസന്നന്‍, സിപിഒ അഫ്‌സല്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വീടിന് മുന്‍വശത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതികള്‍ ചീത്തവിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. എസ്‌ഐ പ്രസന്നനെ താക്കോല്‍ ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും, ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ ഇത് തടയാന്‍ ശ്രമിച്ച സിപിഒ അഫ്‌സലിനേയും മര്‍ദ്ദിച്ച് അവശനാക്കി. തുടര്‍ന്ന് തെക്കുംഭാഗം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ എസ്‌ഐ സജികുമാര്‍, സിപിഒ രഞ്ജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.