സിപിഎം കരുനാഗപ്പള്ളി ടൗൺ എൽ സി യിൽ വാക്പോരും ഇറങ്ങിപ്പോക്കും

Advertisement

കരുനാഗപ്പള്ളി.സിപിഎം കരുനാഗപ്പള്ളി ടൗൺ എൽ സി യിൽ വാക്പോരും ഇറങ്ങിപ്പോക്കും. ജെഎസ്എസ് മുൻനേതാവ് ബി ഗോപനെ എംസിപിഐയു നേതാവായിരുന്ന ഡി മുരളീധരനെയും ഉൾപ്പെടെ ഉള്ളവരെ സിപിഎമ്മിലെ വിവിധ ഘടകങ്ങളിൽ ഉൾപ്പെടുത്താൻ എടുത്ത തീരുമാനം റിപ്പോർട്ട് ചെയ്യാൻ ചേർന്ന സിപിഎം കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയിൽ സംഘർഷഭരിതമായ രംഗങ്ങളും ഇറങ്ങിപ്പോക്കും നടന്നു.

തിങ്കളാഴ്ച വൈകിട്ട് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിലാണ് സംഘർഷവും ഇറങ്ങിപ്പോകും നടന്നത്. പാർട്ടിയിലേക്ക് പുതുതായി ഉൾപ്പെടുത്തിയ ഗോപന്റെയും മുരളീധരന്റെയും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ചേർന്ന യോഗത്തിൽ ഗോപനും മുരളീധരനും പങ്കെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇരുവരെയും ഘടകങ്ങളിൽ ഉൾപ്പെടുത്തിയ കാര്യം സംഘടനാപരമായി റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ഇവരെ യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സംഘടന കീഴ് വഴക്കം ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം. സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിയുടെ സാന്നിധ്യത്തിൽ ആയിരുന്നു യോഗം ചേർന്നത്. സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ബി ഗോപൻ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ഡി മുരളീധരൻ എന്നിവരുടെ ഉൾപ്പെടെയുള്ള സംഘടന തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടിയാണ് കഴിഞ്ഞദിവസം ലോക്കൽ കമ്മിറ്റി ചേർന്നത് എന്നാൽ ഇതേ യോഗത്തിൽ ഉൾപ്പെടുത്തിയവർ തന്നെ യോഗത്തിൽ പങ്കെടുക്കുകയും മിനിട്സിൽ ഒപ്പുവെക്കുകയും ചെയ്തത് സംഘടനയ്ക്കു വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി അഞ്ചോളം ലോക്കൽ കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.

സി പി എം ഏരിയാ കമ്മിറ്റി ഓഫീസിൽ ഉണ്ടായിരുന്ന സിപിഎം ഏരിയ സെക്രട്ടറി പി കെ ജയപ്രകാശിനെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും പ്രശ്നത്തിൽ ഇടപെടാൻ തയ്യാറാകാത്തതിനെ തുടർന്ന് വാക്ക് തർക്കവും ഉണ്ടായി.ഇതിനിടെ കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ മുൻ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വനിതാ നേതാവിനെ ലോക്കൽ കമ്മിറ്റിയിൽ പങ്കെടുപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം യോഗത്തിൽ അറിയിച്ചതും പ്രശ്നങ്ങൾക്ക് കാരണമായി. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പ്രശ്നങ്ങളില്ലാതെ പ്രസ്തുത തീരുമാനം നടപ്പിലാക്കണമെന്ന ഉപരി കമ്മിറ്റിയിലെ മുതിർന്ന നേതാക്കളുടെ നിർദ്ദേശം ലംഘിച്ചാണ് കഴിഞ്ഞ ദിവസം ലോക്കൽ കമ്മിറ്റി യോഗത്തിൽ പുതുതായി ഉൾപ്പെടുത്തിയവരെ ഉൾപ്പെടെ പങ്കെടുപ്പിച്ചത്. ഇതിനിടെ അതേ ദിവസം തന്നെ സംഘടനാപരമായി റിപ്പോർട്ടിംഗ് നടത്തുന്നതിന് മുമ്പ് തന്നെ ബി ഗോപൻ കരുനാഗപ്പള്ളി കോഴിക്കോട് നടന്ന എൽഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്തതും വിവാദമായി. സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സംഘടനാവിരുദ്ധമായി ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. വിവിധ പാർട്ടികളിൽ ഉൾപ്പെട്ടവരും ക്രിമിനൽ കേസുകളിലും മറ്റും പ്രതികളായവരുമായവരുൾപ്പെടെ 200 ഓളം പേരെ വിവിധ ഘടകങ്ങളിൽ ഉൾപ്പെടുത്താൻ എടുത്ത തീരുമാനത്തിനെതിരെ കരുനാഗപ്പള്ളിയിലെ പാർട്ടിക്കുള്ളിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. കഴിഞ്ഞയാഴ്ച ചേർന്ന ഏരിയ കമ്മിറ്റിയിലും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി. ഈ സാഹചര്യത്തിൽ പ്രസ്തുത തീരുമാനം അവധാനതയോടെ നടപ്പിലാക്കാൻ നേതൃത്വം ശ്രമിക്കുന്നതിനിടയാണ് പുതിയ സംഭവവികാസങ്ങളും ഉണ്ടായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു പോകുന്ന സന്ദർഭത്തിൽ പാർട്ടിക്കുള്ളിൽ അസ്വസ്ഥതകൾ ഉണ്ടാക്കാൻ കാരണമായ തീരുമാനം തൽക്കാലം മാറ്റിവെക്കണമെന്ന അഭിപ്രായം ജില്ലയിലെ നേതാക്കൾക്കും ഉണ്ട്. എന്നാൽ ഇതിനെ വെല്ലുവിളിച്ചുകൊണ്ട് കരുനാഗപ്പള്ളിയിലെ ഒരു വിഭാഗം പ്രസ്തുത തീരുമാനവുമായി മുന്നോട്ടു പോകുമെന്ന സന്ദേശമാണ് നൽകുന്നത്. ഇതു വഴി പുതുതായി വന്നവരെ തങ്ങളുടെ ചേരിയിൽ ഉറപ്പിച്ചു നിർത്താമെന്ന് ഒരുവിഭാഗം കരുതുന്നുണ്ട്.

ഗോപൻ ഉൾപ്പെടെയുള്ളവരെ സംഘടനയുടെ വിവിധ ഘടകങ്ങളിൽ ഉൾപ്പെടുത്തിയ വിവരം താഴെയുള്ള ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ഗോപനെ പ്രധാന പരിപാടികളിൽ ഉദ്ഘാടകനായി പങ്കെടുപ്പിക്കാൻ തന്നെയാണ് ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ നീക്കം. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്. നിരവധിപേർ ഇത്തരം തീരുമാനങ്ങൾക്കെതിരെ പരാതിയുമായി ജില്ലാ സംസ്ഥാന കമ്മിറ്റികളെ സമീപിച്ചിട്ടുമുണ്ട്. കൂടുതൽ പാർട്ടി പ്രവർത്തകർ വരും ദിവസങ്ങളിൽ പരസ്യ പ്രതികരണവുമായി രംഗത്ത് വരുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം ഒരു വിഭാഗം മുന്നോട്ട് വെച്ചെങ്കിലും ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ല എന്ന് നിലപാടാണ് സ്വീകരിക്കുന്നത്. കാര്യങ്ങൾ ജില്ലാ സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാക്കളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് മറുവിഭാഗത്തിന്റെ ശ്രമം. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ആലപ്പുഴയിലെ പാർലമെൻറ് പാർട്ടി കമ്മറ്റിയും നേതൃത്വത്തോട്‌ ആവശ്യപ്പെടാനാണ് സാധ്യത. ഇത് വരും ദിവസങ്ങളിൽ കരുനാഗപ്പള്ളിയിൽ സിപിഎമ്മിനുള്ളിൽ പുതിയ ചേരി തിരിവിവിനും സംഘർഷങ്ങൾക്കും ഇടയാക്കും.

Advertisement