തടാക സംരക്ഷണ പദ്ധതികളുടെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് വിദഗ്ധസംഘം തടാകവും തീരവും സന്ദര്‍ശിച്ചു

Advertisement

ശാസ്താംകോട്ട. തടാക സംരക്ഷണ പദ്ധതികളുടെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് പ്രദേശം കണ്ട് മനസിലാക്കുന്നതിനും പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും വിദഗ്ധസംഘം തടാകവും തീരവും സന്ദര്‍ശിച്ചു. തീരത്ത് അമ്പലക്കടവിലും പടിഞ്ഞാറേകല്ലടയില്‍ ബണ്ട് ഭാഗത്തും വിദഗ്ധ നിര്‍ദ്ദേശമില്ലാതെ നിര്‍മ്മിതികള്‍ ആവിഷ്‌കരിച്ചതിനെ സംഘം വിമര്‍ശിച്ചു. അമ്പലക്കടവില്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ വലിയ വേദിപോലെ കെട്ടി ഉയര്‍ത്തിയത് ഏത് അനുമതിവാങ്ങിയാണെന്ന് ഇവര്‍ചോദിച്ചു.

പടിഞ്ഞാറേകല്ലടയില്‍ തീരത്തെ കുറ്റിക്കാടുകള്‍ പൂര്‍ണമായി നീക്കം ചെയ്തതും സംരക്ഷണ പദ്ധതികള്‍ക്ക് വിരുദ്ധമാണ്.
യുഎന്‍ ഇപി കണ്‍സള്‍ട്ടന്റ് ഡോ. മാര്‍ക്ക് ഇന്‍ഫീല്‍ഡ്, തണ്ണീര്‍ത്തട ദേശീയ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ സുചിതാ അവസ്തി,പ്രോഗ്രാം അസോസിയേറ്റ് ഡയാന ദത്ത ,കേരള സര്‍ക്കാര്‍ പരിസ്ഥിതി ഡയറക്ടറേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ജോണ്‍സി മാത്യു, സ്വാക്ക്(സ്‌റ്റേറ്റ് വെറ്റ്‌ലാന്‍ഡ് അതോറിറ്റി കേരള) വെറ്റ് ലാന്‍ഡ് സ്‌പെഷ്യലിസ്റ്റുകളായ ഡോ. ജുനൈദ് ഹസന്‍, അരുണ്‍കുമാര്‍, മണ്ണ് സംരക്ഷണ വകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ അരുണ്‍കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണ നടപടികള്‍ തരുമാനിക്കാന്‍ ശാസ്താംകോട്ടയില്‍ തന്നെ ഒരു അതോറിറ്റി ആവശ്യമുണ്ടെന്നതാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ ആവശ്യമെന്നും ജല ചൂഷണം കുറയ്ക്കണമെന്നും മാനേജുമെനറ് ആക്ഷന്‍ പ്‌ളാന്‍ നടപ്പിലാക്കുന്നതിന്റെ ചര്‍ച്ച പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തണമെന്നും തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. തടാക സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി, വൈസ് ചെയര്‍മാന്‍ ഡോ. പി കമലാസനന്‍, കണ്‍വീനര്‍ റാംകുമാര്‍, കായല്‍കൂട്ടായ്മ കണ്‍വീനര്‍ എസ് ദിലീപ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു വിഷയങ്ങള്‍ അവതരിപ്പിച്ചു. ജന വിഭവ വകുപ്പ് അടക്കം ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തി.

Advertisement