ശാസ്താംകോട്ട : ആയിക്കുന്നം എസ് പി എം യു പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഷഷ്ഠിപൂർത്തിയാഘോഷങ്ങൾക്ക് തുടക്കമായി. കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ ഐ ലാൽ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂളിൻ്റെ പി ടി എ പ്രസിഡണ്ടുമായ ഗുരുകുലം രാജേഷ് അധ്യക്ഷനായി. സ്കൂളിൻ്റെ അറുപതാം വാർഷിക സമ്മേളനം കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി പി എസ് പ്രതിഭകളെ ആദരിച്ചു. സ്കൂൾ മാനേജർ ശാന്താലയം സുരേഷ് കുമാർ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം മിനി കുമാരി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശശിധരൻ, മനോവികാസ് ചെയർമാൻ ഡി ജേക്കബ്, പൊതുപ്രവർത്തകൻ ജോസ് മത്തായി എന്നിവർ ആശംസയർപ്പിച്ചു. ഹെഡ്മാസ്റ്റർ ബി എസ് രാജീവ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി എസ് മനോജ് കുമാർ നന്ദിയും പറഞ്ഞു.
കേരള സർവകലാശാലാ സെനറ്റ് അംഗമായ നിയമിതനായ ഈ സ്കൂളിലെ അധ്യാപകൻ പി എസ് ഗോപകുമാറിനെ ചടങ്ങിൽ ആദരിച്ചു. വിരമിക്കുന്ന അധ്യാപകരായ എൽ യമുന, ഡി ശൈലജ, ജി ആനന്ദവല്ലിയമ്മ, അംഗൻവാടി അധ്യാപകരായ മിനികുമാരി, ശ്രീജ എസ്, ലത, മല്ലികാ പ്രസാദ് എന്നിവരെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി രാവിലെ മുതൽ വിദ്യാർത്ഥികളുടെ യോഗ, കരാട്ടെ പ്രദർശനവും വിവിധ കലാപരിപാടികളും നടന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി പ്രമുഖ ടെലിവിഷൻ കലാകാരനായ അൻസു കോന്നി അവതരിപ്പിച്ച വൺമാൻഷോയും അരങ്ങേറി.