കരുനാഗപ്പള്ളി: രാജ്യം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് ദക്ഷിണ്യന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്. മുൻകാലങ്ങളിൽ ഡൽഹിയിൽ നിന്ന് ഉൾപ്പെടെയുള്ളവരാണ് കേന്ദ്രം ഭരിക്കുക ആരാണെന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ 2024 -ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. കരുനാഗപ്പള്ളി ഐഡിയല് ഓഡിറ്റോറിയത്തില് നടന്ന യു.ഡി.എഫ്. മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അകൽച്ചയുടെ രാഷ്ട്രീയമാണ് ബി.ജെ.പി. നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നവരാണ് ഇപ്പോൾ ഭരിക്കുന്നത്. പാർലമെന്റിലെ പണ്ടാരി നിയമം ചുട്ടെടുക്കുകയാണ്. അത് വൈകിട്ട് നടപ്പാക്കുന്ന രീതിയിലാണ് രാജ്യത്തെ ഭരണ പ്രക്രിയ. രാജ്യത്ത് ജനാധിപത്യപ്രക്രിയ നടപ്പിലാക്കുന്നില്ല. വോട്ടവകാശം വിനിയോഗിച്ച് രാജ്യത്തെ സംരക്ഷിക്കാനുള്ള അവസാന അവസരമാണ് ഈ തിരഞ്ഞെടുപ്പ്. അത് ജനങ്ങൾ ഉപയോഗപ്പെടുത്തണം. മനുഷ്യനെ അംഗീകരിച്ചു കൊണ്ടാണ് പൗരത്വ നിയമം നടപ്പാക്കേണ്ടത്. കേരളത്തിൽ രണ്ട് സീറ്റിൽ മാത്രം അല്ല ലീഗ് മത്സരിക്കുന്നത്. 20 സീറ്റിലും ലീഗ് സ്ഥാനാർഥികൾ തന്നെയാണെന്ന് കരുതിയാണ് പ്രവർത്തകർ പ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തകരും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാർഥിയാണ് കെ.സിയെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എ.പറഞ്ഞു. കെ.സി ചെയ്ത വികസന പ്രവർത്തനങ്ങൾക്ക് മുകളിൽ ഒരു കല്ല് പോലും എടുത്ത് വയ്ക്കാൻ ഇടത് പക്ഷ എം.പിക്ക് സാധിച്ചിട്ടില്ല.
ജനങ്ങൾക്ക് ഒന്നും കൊടുത്തില്ലെങ്കിലും അവർ കൂടെ നിൽക്കുമെന്ന് വിശ്വസിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ട് കെട്ടാണ്. യു.ഡി.എഫിനെ തോൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളു. നരേന്ദ്ര മോദിക്കും പിണറായി വിജയനും ഒരേ മുഖമാണ്. അത് ഫാസിസത്തിന്റെ മുഖമാണെന്നും കെ.സി പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ 30 ലക്ഷംപേർക്ക് തൊഴിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതു പക്ഷത്തു നിന്നും കോൺഗ്രസ് പാർട്ടിയിലേക്ക് വന്ന മനോഹരൻ പാവും ഭാഗം, ഋഷികേശൻ പിള്ള, പ്രഫുല ചന്ദ്രൻ, ഇന്ദുലേഖ, സിനിമ താരം ആദിനാട് ശശി എന്നിവർക്കുള്ള മെമ്പർ ഷിപ്പ് വിതരണവും കെ.സി നിർവഹിച്ചു. എംഎല്‍എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, സിആര്‍ മഹേഷ്, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദുകൃഷ്ണ, വിഎസ് ശിവകുമാര്‍, ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, കൊല്ലം ഡിസിസി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍,യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ എംഎ സലാം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിനു ഓച്ചിറ തുടങ്ങിയവര്‍ പങ്കെടുത്തു.