കുന്നത്തൂർ:കനാൽ വൃത്തിയാക്കി മടങ്ങിയ യുവാക്കൾക്കു നേരെ മദ്യപസംഘം മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.കുന്നത്തൂർ ഐവർകാല നടുവിൽ കെ.ജി സദനത്തിൽ ജിജോ (32),കൊയ്പ്പള്ളിവിള വീട്ടിൽ സുരേഷ് (38) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹെൽമറ്റും മാരകായുധങ്ങളും കൊണ്ടുള്ള ആക്രമണത്തിൽ ജിജോയുടെ തലയോട്ടിക്കും വാരിയെല്ലിനും നടുവിനും പൊട്ടലേറ്റിട്ടുണ്ട്.സുരേഷിനും തലയ്ക്കാണ് പരിക്ക്.ഇവരുടെ മൊബൈൽ ഫോണുകളും അക്രമികൾ കവർന്നു.ആക്രമണത്തിൽ പരിക്കേറ്റ കുന്നത്തൂർ ഏഴാം വാർഡ് മെമ്പർ രശ്മിയുടെ ഭർത്താവും കുന്നത്തൂർ പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറുമായ ഐവർകാല നടുവിൽ
കൊയ്പ്പള്ളിൽ വീട്ടിൽ രഞ്ജിത്ത് (42) ഉൾപ്പെടെ എട്ടോളം പേർ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്നവരെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.വേമ്പനാട്ടഴികത്ത് ജംഗ്‌ഷന് കിഴക്കുവശം പുത്തൂച്ചിറയിൽ ഞായർ രാത്രി 12 ഓടെ ആയിരുന്നു സംഭവം.കുടിവെള്ളക്ഷാമം രൂക്ഷമായ കുന്നത്തൂർ പഞ്ചായത്തിലെ കിഴക്കൻ മേഖലയിൽ കനാൽ തുറന്ന് വിട്ടിട്ടും വെള്ളം എത്താതിരുന്നതിനെ തുടർന്ന് വാർഡ് മെമ്പർ രശ്മിയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഞായർ രാവിലെ മുതൽ കനാൽ ശുചീകരണം നടത്തി വരികയായിരുന്നു.രാത്രിയിൽ യുവാക്കളുടെ സംഘം ശുചീകരണം കഴിഞ്ഞ് കനാൽ തീരത്തു കൂടി നടന്നു വരുമ്പോഴാണ് 25 ഓളം പേരുടെ നേതൃത്വത്തിൽ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.മറ്റെവിടെയോ അടിപിടി ഉണ്ടാക്കിയ ശേഷം എതിർവിഭാഗത്തെ ആക്രമിക്കാൻ മാരകായുധങ്ങളുമായി കാത്തിരുന്ന ഇക്കൂട്ടർ അവരാണെന്ന് തെറ്റിദ്ധരിച്ചാണ് കനാൽ ശുചീകരിച്ച് മടങ്ങിയവരെ ആക്രമിച്ചതെന്നാണ് നിഗമനം.സംഭവമറിഞ്ഞ് ശാസ്താംകോട്ട,ഏനാത്ത് എന്നിവിടങ്ങളിൽ നിന്നും പൊലീസും സ്ഥലത്ത് എത്തിയിരുന്നു.നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ ദീപുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.അതിനിടെ കാലങ്ങളായി ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കും കുപ്രസിദ്ധിയാർജിച്ച പ്രദേശമാണ് പുത്തൂച്ചിറയെങ്കിലും പൊലീസ് ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന് ആക്ഷേപമുണ്ട്.