കൊട്ടാരക്കര: അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് തിരിച്ചുപോയ സൈനികന്‍ ട്രെയിനില്‍ നിന്നും പാളത്തിലേക്ക് വീണുമരിച്ചു. താഴത്തുകുളക്കട സുദര്‍ശനത്തില്‍ വിമുക്തഭടനും പരേതനുമായ സുദര്‍ശന ബാബുവിന്റെയും ശ്രീജ.എസ്.ബാബുവിന്റെയും മകന്‍ എസ്.അഖില്‍ ബാബു (33) ആണ് മരിച്ചത്. കരസേനയിലെ 21 എന്‍ജിനീയറിങ് കോറിലെ സൈനികനായിരുന്നു.
17ന് രാവിലെ 11.40ന് മഹാരാഷ്ട്രയിലെ നവിമുംബൈ പന്‍വേല്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. ആഹാരം വാങ്ങാന്‍ പുറത്തിറങ്ങിയ അഖില്‍ ബാബു തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടയില്‍ സഞ്ചരിച്ചിരുന്ന നേത്രാവതി എക്‌സ്പ്രസില്‍ നിന്നും കാല്‍ വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. അഖില്‍ ബാബുവിന്റെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം പന്‍വേല്‍ മുനിസിപ്പല്‍ ആശുപത്രിയിലേക്ക് മാറ്റി.
സൈനിക അനന്തര നടപടികള്‍ക്ക് ശേഷം ഇന്ന് വൈകിട്ടോടെ നാട്ടില്‍ എത്തിക്കുമെന്നാണ് വിവരം. 14 വര്‍ഷമായി സൈനിക സേവനം നടത്തിയിരുന്ന അഖില്‍ ബെംഗളൂരുവില്‍ നിന്ന് ചൈന അതിര്‍ത്തിയായ ലേ യൂണിറ്റിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് അവധിക്ക് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെയാണ് തിരികെ പോയത്. ഭാര്യ: ബി.എസ്.രശ്മി. മക്കള്‍: ആയുഷ് അഖില്‍, ആദവ് അഖില്‍. സഹോദരന്‍: അതുല്‍ ബാബു.