സ്ഥിരംകുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി

Advertisement

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട യുവാവിനെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. കരുനാഗപ്പള്ളി തഴവ കടത്തൂര്‍ കരിയപ്പള്ളി കിഴക്കതില്‍ ബ്ലാക്ക് എന്ന വിഷ്ണു (26) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്.
2017 മുതല്‍ ഓച്ചിറ കരുനാഗപ്പള്ളി സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏഴ് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നരഹത്യാശ്രമം, വ്യക്തികള്‍ക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, ആയുധം കൊണ്ടുള്ള ദേഹോപദ്രവം മേല്‍പ്പിക്കല്‍, കാപ്പ നിയമലംഘനം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ദേവിദാസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ അറിയിച്ചു.

Advertisement