ഡോ. ആർ.എസ് രാജീവ്
കേരളത്തിൻറെ തനത് കലകളെ അന്യം നിന്നു പോകാതെ സംരക്ഷിക്കാനും അവയെ പ്രോത്സാഹിപ്പിക്കാനും ഉള്ള തങ്ങളുടെ സാമൂഹികമായ ദൗത്യം ഏറ്റെടുക്കുകയും അത് സമർത്ഥമായി നിറവേറ്റുകയും ചെയ്‌തു എന്നുള്ളത് റേഡിയോ ബെൻസിഗറിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന വസ്‌തുതയാണ്. 2023 വർഷത്തെ രണ്ടാം പകുതിയിൽ കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ,കൊല്ലം നടത്തിയ കേരളീയ കലകളുടെ ആവിഷ്‌കാരവും പ്രക്ഷേപണവും ഒരു കമ്മ്യൂണിറ്റി റേഡിയോ എങ്ങനെയാണ് സമൂഹത്തിൽ ഇടപെടേണ്ടത് എന്നതിന് എന്നതിന് ഉദാഹരണമായി മാറി.
ഓരോ ദേശത്തിനും ജനവിഭാഗങ്ങൾക്കും അവരവരുടെതായ സ്വത്വം ഉണ്ട്. സാഹിത്യത്തിൽ ആയാലും കലകളിൽ ആയാലും നമ്മുടെ തനിമ നിലനിർത്തുമ്പോഴാണ് സ്വത്വം പൂർണ്ണമാകുന്നത്. തനത്‌കലകളുടെ അസ്തിത്വം ഉറപ്പാക്കേണ്ടത് അതുകൊണ്ടുതന്നെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. കലാശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ദൃശ്യ മാധ്യമങ്ങൾ, എന്നിവയിലൂടെയാണ് ഇത് പ്രധാനമായും സാധിക്കേണ്ടത്. അത് ആരോഗ്യകരമായ സമൂഹത്തിൻറെ നിലനിൽപ്പിന് അത്യാവശ്യമാണ്. ഭൗതികമായി എത്രമാത്രം പുരോഗമിച്ചാലും നമ്മുടെ പാരമ്പര്യ, തനത് കലകളുടെ സജീവതയിലൂടെ മാത്രമേ ഒരു ജനസമൂഹത്തിന് സാംസ്കാരിക പൂർണ്ണതയിൽ എത്താൻ കഴിയുകയുള്ളൂ.ഈ ജ്ഞാനവെളിച്ചത്തിലാണ് കൊല്ലം കമ്മ്യൂണിറ്റി റേഡിയോ ബെന്‌സിഗര് തങ്ങളുടെ ദൗത്യം ഫലപ്രദമായി നിർവഹിക്കുന്നതിൻ്റെ ഭാഗമായി 2023 ല്‌കേരളത്തിലെ തനത് കലകളുടെ രംഗാവിഷ്കാരവും അതിനുശേഷം അതിൻറെ റേഡിയോ പ്രക്ഷേപണവും നടത്തിയത്. റേഡിയോ ബെന്‌സിഗറിൻ്റെ യൂട്യൂബ് ചാനലിലൂടെ അവ ലോകമെങ്ങും എത്തിക്കുവാനും സാധിച്ചിട്ടുണ്ട്.
കലാകാരന്മാരെ അഭിമുഖം നടത്താനും കലകളുടെ രംഗാവിഷ്‌കാരം നടത്താനും മുൻകൈ എടുത്തത്റേഡിയോ ബനസിഗറിന്റെ ഡയറക്ടർ ഫാ.ഫെര്ഡിനാന്‌ഡ് പീറ്ററിന്റെ നേതൃത്വത്തിൽ ശ്രീലക്ഷ്‌മി എം എസ് ആണ്.
ആത്മനിഷ്ഠ വികാരങ്ങളും പ്രകൃതി വർണ്ണനകളും സാക്ഷാത്കരിക്കാത്ത ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നിറഞ്ഞുനിൽക്കുന്ന നാടൻ പാട്ടുകൾ ഒരു ജനതയുടെ തനിമയുടെ അടയാളങ്ങളാണ്. ഭാവാത്മകത കൂടുതലുള്ള നാടൻ പാട്ടിൻറെ വൈകാരികതയും സംഗീതാത്മകതയും ഒട്ടും നഷ്‌ടപ്പെടാതെ റേഡിയോബന്‌സിഗര് ഹാളിൽ അവതരിപ്പിച്ചത് ചെക്കൽ മ്യൂസിക് ബാൻഡ് ആയിരുന്നു.
ആലപ്പുഴ, കൊല്ലം ജില്ലകളിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തോട് അനുബന്ധിച്ചു നടത്തുന്ന കുത്തിയോട്ടത്തിൻ്റെ പ്രത്യേകതകളെക്കുറിച്ച് വിവരിക്കുകയും അത് രംഗത്ത് അവതരിപ്പിക്കുകയും ചെയ്‌ത സോമൻ ശ്രീഭദ്രയും ഓട്ടൻതുള്ളലിനെ കുറിച്ച് പഠനാർഹമായ വിവരണം നൽകി അവതരിപ്പിച്ച മുളങ്കാടകം മനോജ് കുമാറും ആസ്വാദകരുടെ ഹൃദയം ഇളക്കിമറിച്ചു.
നൃത്തവും വിനോദവും ഇടകലർത്തിയുള്ള ചാക്യാർകൂത്ത് അവതരിപ്പിച്ചത് പ്രശസ്ത കലാകാരൻ കലാമണ്ഡലം ജിഷ്‌ണു പ്രതാപ് ആയിരുന്നു. ശുദ്ധമായ കേരളീയ കലയെന്ന അവകാശപ്പെടാവുന്ന ചാക്യാർകൂത്തിൻ്റെ സമഗ്ര വശങ്ങളെക്കുറിച്ച് അറിയാൻ ഈ അവതരണം വളരെ സഹായിച്ചു.
തെക്കൻ കേരളത്തിൽ പ്രസിദ്ധമായ വില്ലു പാട്ട് അവതരിപ്പിച്ചത് പ്രശസ്ത കലാകാരൻ അനൂപ് ആണ്. ഉത്തരകേരളത്തിലെ വിനോദ കലയായ അനുഷ്ഠാന നൃത്തം ആണ് സീതകളി. നമുക്ക് അത്ര പരിചിതമല്ലാത്ത ഈ കലയെ ആവിഷ്കരിച്ചത് റോഷ്‌നി, രമ്യ ബാബു, അനുലാൽ എന്നിവരടങ്ങുന്ന പെരിനാട് സീതകളിൽ സംഘമാണ്.
മീരാഅനിലും ലക്ഷ്‌മി ഗംഗയും കീർത്തി രഞ്ജിത്തും ഉൾപ്പെടുന്ന പഞ്ചരത്ന സംഗീത സംഘത്തിൻറെ ഭജനയും അതീവ ഹൃദ്യമായിരുന്നു. മാര്ഗ്ഗം കളി, മാപ്പിളപ്പാട്ട് പൂപ്പട, തുടങ്ങിയ കേരളത്തിൻറെ തനത് കലാരൂപങ്ങളും ആസ്വാദകശ്രദ്ധ ആകർഷിച്ചു.
തനത് കലാരൂപങ്ങളും കേരളീയ കലാരൂപങ്ങളും പരമ്പരാഗത അനുഷ്‌ഠാനകലകളും അന്യം നിന്നു പോകാതെ സംരക്ഷിക്കേണ്ടത് ഒരു പരിഷ്‌കൃത സമൂഹത്തിൻറെ വളർച്ചയ്ക്ക് ആവശ്യമാണ്. ഈ അവബോധത്തിൻ്റെ ഫലമായിരുന്നു കമ്മ്യൂണിറ്റി റേഡിയോ ബന്‌സിഗര് കൊല്ലം സംഘടിപ്പിച്ച ഈ കലാരൂപങ്ങളുടെ അവതരണവും പ്രക്ഷേപണവും. അത് പ്രേക്ഷകരിൽ എത്തുകയും അവർ ഹൃദയം കൊണ്ട് ഏറ്റെടുക്കുകയും ചെയ്‌തു എന്ന് റേഡിയോ ബെൻസഗറിലേക്ക് വന്ന പ്രതികരണങ്ങൾ തെളിയിച്ചു. വരും വർഷങ്ങളിലും ഇത്തരം കലാപരിപാടികൾ നടത്തുവാനും ഇത് ഒരു തുടർ പ്രക്രിയ ആയി കൊണ്ടുപോകാനും ഉള്ള തീരുമാനമാണ് റേഡിയോ ബന് സിഗര് അധികൃതർ എടുത്തിട്ടുള്ളത്.