കൊറ്റംകുളങ്ങരയിൽ ചമയവിളക്ക് കണ്ണീരിലണഞ്ഞു

Advertisement

ചവറ. കൊറ്റംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ കെട്ടുകാഴ്ച്ചയുടെ ചക്രത്തിനടിയിൽപ്പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത് നാടിനെ കണ്ണീരിലാക്കി. പ്രസിദ്ധമായ ചമയവിളക്ക് ഉത്സവത്തിനിടെയായിരുന്നു നിയന്ത്രണം വിട്ട വണ്ടിക്കുതിരയുടെ ചാട് കയറി ചവറ സൗത്ത് വടക്കുംഭാഗം സ്വദേശി രമേശിന്‍റെ മകൾ ക്ഷേത്രക്ക് ദാരുണാന്ത്യമുണ്ടായത്.


ചമയവിളക്കിന്‍റെ രണ്ടാം ദിനമായ ഇന്നലെ കെട്ടുകാഴ്ച്ച അണിയിച്ചൊരുക്കിയിരുന്നു. വിവിധ ഇടങ്ങളിൽ നിന്ന് ഭക്തരുടെ നേതൃത്വത്തിൽ കെട്ടുകാഴ്ച്ച വലിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. അതിനിടെയാണ്  കെട്ടുകാഴ്ച്ചയുടെ നിയന്ത്രണം വിട്ടത്. ഇതിനിടയിലെ തിക്കിലും തിരക്കിലും പെട്ടാണ് അച്ഛനൊപ്പം സമീപത്ത് നിൽക്കുകയായിരുന്ന ക്ഷേത്ര  കെട്ടുകാഴ്ചയുടെ ഇടയിൽ പെട്ടത്. ചക്രങ്ങൾ അഞ്ചുവയസുകാരിയുടെ വയറിലൂടെ കയറിയിറങ്ങി.

ചിത്രം . അപകടമുണ്ടാക്കിയ വണ്ടിക്കുതിര



കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ തിരക്കുണ്ടായിരുന്നു. അതിനിടെയാണ് കെട്ടുകാഴ്ച്ചയുടെ നിയന്ത്രണം വിട്ടത്. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.സംഭവത്തിൽ പോലീസ് കേസെടുത്തു.

Advertisement