കൊട്ടാരക്കര: പട്ടാപ്പകൽ വീടിൻ്റെ സിറ്റൗട്ടിൽ വൃദ്ധയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കരീപ്ര തളവൂർക്കോണം മൃഗാശുപത്രിക്ക് സമീപം മേലൂട്ട് പുത്തൻ വീട്ടിൽ തങ്കപ്പൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (86) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.45 നാണ് സംഭവം. ഇളയ മകൻ മണികണ്ഠൻ പിള്ളയുടെ കുടുംബത്തിനൊപ്പമാണ് പങ്കജാക്ഷിയമ്മയും ഭർത്താവും താമസിക്കുന്നത്. പ്രായാധിക്യത്തിൻ്റെ അവശതകൾ ഉള്ളവരാണ് ഇരുവരും. സിറ്റൗട്ടിലെ കസേരയിൽ ഇരുന്ന് താഴേക്ക് വീണ നിലയിലാണ് പങ്കജാക്ഷിയമ്മയുടെ ശരീരം കിടന്നിരുന്നത്. കസേരയും കരിഞ്ഞ നിലയിലായിരുന്നു. എഴുകോൺ പോലീസെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹ പരിശോധന നടത്തി. കുണ്ടറയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ പത്തിന് സംസ്ക്കരിക്കും.
സംഭവത്തിൽ ദുരൂഹതകൾ ഉണ്ടെന്ന സംശയം ഉയർന്നതിനെ തുടർന്ന് എഴുകോൺ എസ്എച്ച്ഒ. പി. വിജയകുമാർ, എസ്.ഐ. ഇൻസമാം എന്നിവരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എഴുകോൺ പൊലീസ് പറഞ്ഞു.
മക്കൾ: ജാനകിക്കുട്ടിയമ്മ, പരേതയായ ഗൗരിക്കുട്ടിയമ്മ, മണികണ്ഠൻപിള്ള (കർണ്ണാടക ബാങ്ക്), മണിധരൻ പിള്ള (മുംബൈ),
മരുമക്കൾ: പരേതനായ രാജൻ പിള്ള, ശിവ ശങ്കരപിള്ള, കനകാംഗി, ശ്രീജ.