കുണ്ടറയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

Advertisement

കൊല്ലം: സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുണ്ടറ, ശവക്കോട്ട സിജാജി ഭവനില്‍ സിജി(47)യെ ആണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കുരീപ്പള്ളി ശവക്കോട്ട അഖില്‍ ഭവനില്‍ അതുല്‍. ഡി.ദേവ് (26) ആണ് മരിച്ചത്. അതുലിന്റെ സുഹൃത്ത് വിപിന്‍ സ്റ്റീഫന് (31) കൈക്ക് കുത്തേറ്റു. മുഖത്തും വയറിനും കുത്തേറ്റ അതുലിനെ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാത്രി 7.45ഓടെയാണ് സംഭവം. പ്രതി അതുല്‍ ദേവിന്റെ അച്ഛന്‍ ദേവപാലന്‍ പെയിന്റിങ് കരാറുകാരനാണ്. സിജിയുടെ സഹോദരന്റെ വീട് പെയിന്റിങ്ങുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കുഞ്ഞുമോളാണ് അതുലിന്റെ അമ്മ. സഹോദരന്‍: അഖില്‍.