മധ്യവയസ്‌ക്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കാപ്പാ പ്രതിയും കൂട്ടാളിയും പിടിയില്‍

Advertisement

കൊല്ലം: മദ്യപാനത്തിനിടില്‍ കഞ്ചാവ് വ്യാപാരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നാല്‍പ്പത്തിരണ്ടുകാരനായ ആളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കാപ്പാ പ്രതിയും കൂട്ടാളിയും പോലീസിന്റെ പിടിയിലായി. കാപ്പാ പ്രതിയായ ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ പാവൂരഴികത്ത് വീട്ടില്‍ മിന്നല്‍ ഗിരീഷ് എന്ന ഗിരീഷ് (46), ഇയാളുടെ കൂട്ടാളിയായ ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ഓംചേരി കിഴക്കതില്‍ വീട്ടില്‍ പ്രജിത്ത് (38) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര കന്നിമേല്‍ സ്വദേശി ബാലാജിയെ ആണ് ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ മരുത്തടി ഓംചേരി മഠത്തിന് സമീപം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ബാലാജിയും ഗിരീഷും തമ്മില്‍ കഞ്ചാവ് വ്യാപാരത്തെ പറ്റി തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഗിരീഷും ഇയാളുടെ കൂട്ടാളിയായ പ്രജീഷും ചേര്‍ന്ന് ബിയര്‍ കുപ്പി ഉപയോഗിച്ച് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ബിയര്‍ കുപ്പികൊണ്ട് തലയില്‍ അടിച്ച് പൊട്ടിച്ച ശേഷം കഴുത്തില്‍ കുത്തി ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.