കണ്ണേ മടങ്ങുക…’ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എക്സറേ എടുക്കണമെങ്കിൽ രോഗിയെ സ്ട്രച്ചറിൽ കിടത്തി പൊരിവെയിലിൽ പുറത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ എത്തിക്കണം

Advertisement

‘ശാസ്താംകോട്ട:എക്സറേ പരിശോധനയിലൂടെ രോഗനിർണയം ആവശ്യമുള്ള രോഗികൾ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിയാൽ വലഞ്ഞതു തന്നെ.അപകടത്തിൽപ്പെട്ടും അല്ലാതെയും ഒടിവും ചതവുമായി എത്തുന്ന രോഗികൾ അടക്കമുള്ളവർക്ക് എക്സറേ എടുക്കണമെങ്കിൽ ആശുപത്രിക്ക് പുറത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ എത്തിക്കണം.അവശരായ
രോഗികളെ സ്ട്രച്ചറിൽ കിടത്തി ചുട്ടുപൊള്ളുന്ന പൊരിവെയിലിൽ ആശുപത്രിക്ക് പുറത്തേക്കുള്ള യാത്ര ദുരിതക്കാഴ്ചയായി മാറുന്നത് പതിവാണ്.പ്രായാധിക്യമുള്ള
രോഗികളും വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ് എത്തുന്നവരെയും കൊണ്ട് എക്സറേ എടുക്കാനും തിരികെ ആശുപത്രിയിലേക്കുമുള്ള ബന്ധുക്കളുടെ യാത്ര ആരുടെയും കണ്ണ് നനയിക്കും.സ്വകാര്യ എക്സറേ കേന്ദ്രത്തിൽ എത്തിയാൽ തിരക്കുമൂലം ക്യൂവിൽ നിൽക്കണം.സമയ നഷ്ടത്തിനൊപ്പം വലിയ ചാർജും നൽകണം.ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എക്സറേ യൂണിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു മാറ്റിയ ശേഷം പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം നടന്നു വരികയാണ്.എന്നാൽ ഏറ്റവും കൂടുതൽ വാഹനാപകട കേസുകൾ ഉൾപ്പെടെ എത്തുന്ന ഇവിടെ പകരം സംവിധാനം ഒരുക്കാൻ അധികൃതർ ശ്രമിച്ചതുമില്ല.ഇതാണ് രോഗികളെയും ബന്ധുക്കളെയും വലയ്ക്കുന്നത്.ഇതിനൊപ്പം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രധാന കവാടം വഴി വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്തതും വിനയാകുന്നു.പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഇടുങ്ങിയ റോഡിലൂടെയാണ് ആംബുലൻകൾ ഉൾപ്പെടെ രോഗികളുമായി എത്തുന്നത്.ആശുപത്രിയിൽ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങളടക്കം ഈ റോഡിലാണ് പാർക്ക് ചെയ്യുന്നത്.ഇതിനാൽ അതീവ ഗുരുതരാവസ്ഥയിൽ രോഗികളെയും കൊണ്ട് മെഡിക്കൽ കോളേജിലേക്കും മറ്റും പോകുന്ന ആംബുലൻസുകളിലെ ഡ്രൈവർമാർ വാഹനം നിർത്തി ഇരുചക്ര വാഹനങ്ങൾ മാറ്റിയാൽ മാത്രമേ മുൻപോട്ടുള്ള യാത്ര സുഗമമാകു.പുറത്തെ കട മുറികളിൽ പ്രവർത്തിച്ചിരുന്ന ഒ.പി വിഭാഗം അകത്തേക്ക് മാറ്റിയതും പുതിയ കെട്ടിട നിർമ്മാണത്തിന് അല്പമെങ്കിലും ജീവൻ വച്ചതും മാസങ്ങൾക്ക് മുമ്പ്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനത്തെ തുടർന്നാണ്.എന്നാൽ ഒ.പി ടിക്കറ്റ് എടുക്കാനും ഡോക്ടറെ കാണാനും ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങാനുമുള്ള ടോക്കൺ സംവിധാനം മാത്രമാണ് മെച്ചപ്പെട്ടതെന്ന് രോഗികൾ പറയുന്നു.

Advertisement