ശാസ്താംകോട്ട:താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിൽ
കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം സംരക്ഷണമില്ലാതെ നശിക്കുന്നു.ചാറ്റൽ മഴയിൽ പോലും ചോർന്നൊലിക്കുന്ന വെയിറ്റിങ് ഷെഡിൽ കുട പിടിച്ച് നിന്നാൽ പോലും വസ്ത്രങ്ങൾ ഉൾപ്പെടെ നനഞ്ഞ് കുതിരും.ഇതിനാൽ യാത്രക്കാർ ആരും തന്നെ ഇവിടേക്ക് കയറാറില്ല.ആധുനിക രീതിയിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭിത്തികൾ മുഴുവൻ
പോസ്റ്ററുകൾ പതിച്ച് വൃത്തി കേടാക്കാൻ നാട്ടുകാരും രംഗത്തുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളുടെയും ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ചരമ അറിയിപ്പുകളുടെയും പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്.യാത്രക്കാർക്ക് ഇരിക്കാനുള്ള ഇരിപ്പിടത്തിന് അടിയിലും പിന്നാമ്പുറത്തും മാലിന്യം കുമിഞ്ഞ് കൂടി കിടക്കുകയാണ്.വേനൽ മഴയിൽ മഴ വെള്ളം കെട്ടിക്കിടന്ന് മാലിന്യം ചീഞ്ഞളിഞ്ഞതിനാൽ വലിയ ദുർഗന്ധമാണ് വമിക്കുന്നത്.ഈച്ച ശല്യവും രൂക്ഷമാണ്.രാത്രി കാലങ്ങളിൽ യാചകരുടെയും സാമൂഹ്യ വിരുദ്ധരുടെയും മറ്റും കേന്ദ്രമായി ഇവിടം മാറുന്നതായും പരാതിയുണ്ട്.