ശാസ്താംകോട്ട:മൈനാഗപ്പള്ളി പ്ലാമൂട്ടിൽ ചന്തയിൽ നടന്ന സമൂഹ നോമ്പുതുറ നാടിന് ആഘോഷമായി.പ്ലാമൂട്ടിൽ ചന്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹഹസ്തം സൗഹൃദ കൂട്ടായ്മ എന്ന സംഘടനയാണ് മതസൗഹാർദ്ദം വിളിച്ചോതി കഴിഞ്ഞ ദിവസം സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്.സംഘടനയിലെ നൂറോളം വരുന്ന അംഗങ്ങൾ അവരവരുടെ കഴിവിനനുസരിച്ച് നൽകിയ സംഭാവനകൾ സ്വരുകൂട്ടിയാണ് നോമ്പുതുറയ്ക്ക് ആവശ്യമായ സമ്പത്ത് കണ്ടെത്തിയത്.പ്ലാമൂട്ടിൽ ചന്തയിലുള്ള സംഘടനയുടെ ഓഫീസിന് മുന്നിലാണ് നോമ്പുതുറ ഒരുക്കിയത്.തൊട്ടടുത്ത പള്ളിയിലെ ബാങ്കുവിളിയുടെ സമയത്ത് നോമ്പു തുറക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.ജാതി — മത – രാഷ്ടീയ വ്യത്യാസമില്ലാതെ നൂറു കണക്കിനാളുകൾ സമൂഹ നോമ്പുതുറയിൽ പങ്കെടുത്തു.മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ്,ബിജെപി നേതാവ് രാജി പ്രസാദ്,ശൂരനാട് തെക്ക്, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തുകളിലെ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.