മലിനജലം മാത്രം പമ്പ് ചെയ്യുന്ന ചേലൂര്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും ശുദ്ധജലം വിതരണം ചെയ്യാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. കേടുപാടുകളുള്ള പ്രഷര്‍ ഫില്‍റ്ററിന് അറ്റകുറ്റപണികള്‍ നടത്താനോ കേടായ ഫില്‍റ്റര്‍ മാറ്റി പുതിയ ഫില്‍റ്റര്‍ സ്ഥാപിച്ച് ശുദ്ധജല വിതരണം നടത്താനോ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ അവകാശത്തിന് മീതെ സാങ്കേതികമായ മുട്ടാപോക്കുകള്‍ കാട്ടി വെല്ലുവിളി നടത്തുകയാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
കുന്നത്തൂര്‍ പഞ്ചായത്തിലെ ചേലൂര്‍ പമ്പ് ഹൗസില്‍ നിന്നും നിരന്തരം മലിനജലം വിതരണം ചെയ്യുന്നുവെന്ന പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്. ജല അതോറിറ്റി ശാസ്താംകോട്ട അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി.
കുന്നത്തൂര്‍ പഞ്ചായത്തിലെ ചേലൂര്‍ കായലില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം തുരുത്തിക്കരയില്‍ സ്ഥാപിച്ചിരിക്കുന്ന സംഭരണിയില്‍ ശേഖരിച്ച് അണുവിമുക്തമാക്കിയ ശേഷമാണ് വിതരണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചേലൂര്‍ കായലിലെ വെള്ളത്തില്‍ വേനല്‍ കാലത്ത് കലക്കല്‍ കാണാറുണ്ട്. നിലവില്‍ ജലം ഫില്‍റ്റര്‍ ചെയ്യാന്‍ സ്ഥാപിച്ചിരിക്കുന്ന രണ്ട് പ്രഷര്‍ ഫില്‍റ്ററുകളും തകരാറിലാണ്. പുതിയ പ്രഷര്‍ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ 18 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും യഥാസമയം കരാറുകാരെ കിട്ടാത്തതു കാരണം കാലതാമസമുണ്ടായി. ചേലൂര്‍ കിണറിനോടു ചേര്‍ന്നുള്ള ഇന്‍ഫില്‍റ്ററേഷന്‍ ഗാലറിയില്‍ നിന്നും ബേബി വെല്ലില്‍ നിന്നും ചെളി നീക്കം ചെയ്യാനും ഫില്‍റ്റര്‍ മീഡിയ മാറ്റി സ്ഥാപിക്കാനുമായി 57.80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള പരാതികള്‍ പരിഹരിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഫില്‍ട്ടറിംഗും ക്ലോറിനേഷനും കൂടാതെയാണ് ഇപ്പോഴും കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് പരാതിക്കാരനായ അഡ്വ. കെ.പി. അനില്‍കുമാര്‍ ആരോപിച്ചു. പ്രഷര്‍ ഫില്‍റ്റര്‍ നന്നാക്കിയിട്ടില്ല. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നത് മലിനജലമാണെന്നും പരാതിക്കാരന്‍ അറിയിച്ചു. ആരോപണങ്ങള്‍ ശരിയാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പോരുവഴി, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലും ചേലൂര്‍ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ജലവിതരണം നടത്തുന്നത്.