കൊല്ലം: വിദേശത്തേക്കുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ശക്തികുളങ്ങര സ്വദേശിനിയായ യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള്‍ പിടിയിലായി. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘എം ജോബ് വേള്‍ഡ് മലയാളി മാര്‍ക്കറ്റ്’ എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന നിഷാന്ത്.എന്‍.പി (31) ആണ് അറസ്റ്റിലായത്. ശക്തികുളങ്ങര സ്വദേശിനിയായ യുവതിക്ക് യു.കെ യിലേക്കുള്ള വിസ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ ജനുവരി മാസം മുതല്‍ പല തവണകളായി പതിനഞ്ച് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
പണം നല്‍കിയ ശേഷവും വിസ ലഭിക്കാതായതോടെ യുവതി ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, സമാനമായ തട്ടിപ്പ് നടത്തിയതിന് ഇയാളെ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാറിന്റെ നേതൃത്വത്തില്‍, തൃശ്ശൂരെത്തി റിമാന്റില്‍ കഴിഞ്ഞ് വന്ന ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.