കൊല്ലം പൂരം: ആന എഴുന്നള്ളത്തിനുള്ള നിബന്ധനകള്‍

Advertisement

കൊല്ലം പൂരത്തിന് ആനകളെ പങ്കെടുപ്പിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് മുമ്പ് നടത്തുന്ന ചെറുപൂരങ്ങള്‍, 25 ആനകളെ പങ്കെടുപ്പിച്ചുള്ള പൂരം, ആന നീരാട്ട്, ആനയൂട്ട്, കുടമാറ്റം എന്നിവയില്‍ എലിഫന്റ് സ്‌ക്വാഡിനാണ് മേല്‍നോട്ടചുമതല. ആനകളുടെ ഡാറ്റബുക്ക്, ഇന്‍ഷുറന്‍സ്, ആരോഗ്യ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഡ്യൂട്ടിയിലുള്ള വെറ്ററിനറി സര്‍ജ•ാര്‍ പരിശോധിക്കും. ബ്രത്ത്അനലൈസര്‍ ഉപയോഗിച്ച് ആനപരിപാലകരുടെ പരിശോധനയും നടത്തും.
മയക്കുവെടി സജ്ജീകരണങ്ങള്‍ക്ക് പ്രത്യേക ആംബുലന്‍സ് ഏര്‍പ്പെടുത്തും. ആരോഗ്യസ്ഥിതി മോശമായ-മദപ്പാട്തുടങ്ങിയ ആനകളെ പൂരത്തില്‍ അനുവദിക്കില്ല. പൂരത്തിനായി ആനകളെ തെരഞ്ഞെടുത്ത് ഫിറ്റ്നസ് നല്‍കുന്നതിന്റെ പൂര്‍ണ്ണചുമതല മൃഗസംരക്ഷണ വകുപ്പ് എസ്.പി.സി.എ എലിഫന്റ് സ്‌ക്വാഡിനാണ്. കുടമാറ്റവേദിയില്‍ ഇരുഭാഗത്തുമായി പത്തോളം വെറ്ററിനറി സര്‍ജന്‍മാര്‍ക്കും എസ് .പി .സി .എ ഇന്‍സ്പെക്ടര്‍മാര്‍ക്കും ചുമതലനല്‍കിയിട്ടുണ്ട്. എല്ലാവരും ആനകളില്‍ നിന്നും മൂന്ന് മീറ്റര്‍ അകലം പാലിക്കണം. മൊബൈല്‍ഫോണ്‍ സെല്‍ഫി ഒഴിവാക്കണം. ആനയൂട്ട്, ആന നീരാട്ട്, കുടമാറ്റം എന്നിവ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ കൃത്യമായി നിയന്ത്രിക്കണം എന്ന് ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി. ഷൈന്‍കുമാര്‍ അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍
കൊല്ലം പൂരത്തോട് അനുബന്ധിച്ച് പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാനായി പൂരംനഗരിയില്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നവരും പൂരംകാണാന്‍ എത്തുന്ന പൊതുജനങ്ങളും ആരോഗ്യശീലങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.
പൂരനഗരിയിലെ എല്ലാ കടകളും ശുചിത്വം പാലിക്കേണ്ടതാണ്. ശുദ്ധമായ വെള്ളത്തില്‍ തയ്യാറാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രമേ വില്‍ക്കാന്‍പാടുള്ളു; തുറന്ന്വച്ച് വില്‍പ്പന നടത്തരുത്. ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ വില്‍പ്പന നടത്താവൂ. ജ്യൂസ് മുതലായ പാനീയങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഐസ്, വെള്ളം എന്നിവ ശുദ്ധമാണ് എന്ന് ഉറപ്പ് വരുത്തി കഴിക്കുക. ഭക്ഷണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കകറികളും കഴുകി വൃത്തിയാക്കിമാത്രം ഉപയോഗിക്കുക. ജ്യൂസ് മുതലായ പാനീയങ്ങള്‍ കുടിച്ച ശേഷമുള്ള ഗ്ലാസ് മറ്റ് പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും വലിച്ചെറിയാതെ നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങള്‍ മാത്രം നിക്ഷേപിക്കണം.
എം ഡി എം എ, മയക്കുമരുന്ന് മറ്റ് സൈക്കോ ട്രോപ്പിക് മരുന്നുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരമറിയിക്കേണ്ടതാണ്. പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്.
ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം, സൂര്യാഘാതം തുടങ്ങിയവ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളംകുടിക്കണം. വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ കുടഉപയോഗിക്കാം. 11 മണി മുതല്‍ 3 മാണി വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വെയിലത്ത് പാര്‍ക്ക്ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. ചൂട് മൂലമുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ പോലും അവഗണിക്കരുത് എന്നും ഡിഎംഒ അറിയിച്ചു.