വസന്തയുടെ ആകസ്മിക വേർപാടിൽ കണ്ണീരണിഞ്ഞ് വടക്കൻ മൈനാഗപ്പള്ളി ഗ്രാമം

Advertisement

ശാസ്താംകോട്ട: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപം ശിവലാൽ ഭവനം (പണിക്കശേരിൽ തറയിൽ) ശിവൻ കുട്ടിയുടെ ഭാര്യ വസന്തയുടെ (56) മരണം നാടിന്റെ നൊമ്പരമായി.ആലപ്പുഴ മെഡിക്കൽ കോളേേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ
ഇന്നലെ (തിങ്കൾ) ഉച്ചയ്ക്ക് രണ്ടിനാണ് മരണം സംഭവിച്ചത്.ഗുരുതരമായി പൊള്ളലേറ്റ വസന്ത രണ്ട് മാസവും ഒരാഴ്ചയുമാണ് മരണത്തിനും ജീവിതത്തിനുമിടയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്.അപകടത്തിൽ പരിക്കേറ്റ ഭർത്താവ് മത്സ്യ തൊഴിലാളിയായ ശിവൻ കുട്ടി ആഴ്ചകൾക്കു മുമ്പ് തന്നെ അപകട നില തരണം ചെയ്തിരുന്നു.തൊഴിലുറപ്പ് പദ്ധതി
തൊഴിലാളിയായിരുന്ന വസന്ത നാട്ടിലെ മിക്ക കാര്യങ്ങളിലും സജീവമായിരുന്നു.കുടുംബശ്രീ പ്രവർത്തനങ്ങളിലും മുന്നിട്ടു നിന്നിരുന്ന വസന്തയുടെ ആകസ്മിക വിയോഗം നാട്ടുകാർക്ക് താങ്ങാൻ കഴിഞ്ഞിട്ടില്ല.അവസാനമായി മൃതദേഹം ഒരു നോക്ക് കാണുന്നതിനും അശ്രുപൂജ അർപ്പിക്കുന്നതിനുമായി നാട് ഒഴുകിയെത്തിയിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദും വാർഡ് മെമ്പർ മനാഫ് മൈനാഗപ്പള്ളിയും തുടക്കം മുതൽ കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചു.കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പുലർച്ചെ 4 ഓടെ ആണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്.തലേ ദിവസം വൈകിട്ട് ഗ്യാസ് ഏജൻസിയിൽ നിന്നുമെത്തിച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.അടുക്കളയോട് ചേർന്ന വർക്ക് ഏരിയയിൽ  സൂക്ഷിച്ചിരുന്ന സിലിണ്ടറാണ്
പൊട്ടിത്തെറിച്ചത്.പുലർച്ചെ
ദമ്പതികൾ എഴുന്നേറ്റ് ലൈറ്റ് ഇട്ടപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.ഇവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ വാതിൽ ചവിട്ടി പൊളിച്ചാണ് അകത്ത് കയറിയത്.വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നി രക്ഷാ സേനയും എത്തിയാണ് ദമ്പതികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.