കെടുത്താനാവില്ല ഈ കാരുണ്യാഗ്നി

Advertisement

ഏപ്രിൽ 14 അഗ്നിശമന സേനാ ദിനം:
ശാസ്താംകോട്ട:ദുരന്തങ്ങളെ നേരിടാൻ മാത്രമല്ല അശരണർക്ക് സ്വാന്തനമേകാനും തുനിഞ്ഞിറങ്ങിയ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ശാസ്താംകോട്ട അഗ്നിശമന നിലയത്തിലുണ്ട്.ചവറ മേനാംപള്ളി മുകുന്ദപുരം ചേമത്ത് വീട്ടിൽ മനോജാണ് (38) വ്യത്യസ്തനായ ഈ ഫയർമാൻ.ആരോരുമില്ലാത്ത രോഗികൾക്കും വഴിയിൽ കാണുന്ന അശരണർക്കും തുണയേകാൻ മനോജ് സദാസന്നദ്ധനാണ്.ഡ്യൂട്ടിക്ക് മുൻപും ഡ്യൂട്ടി കഴിഞ്ഞാലും ആദ്യമെത്തുന്നത് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ്.അവിടെ നിർധനരായ രോഗിളോ ആരോരുമില്ലാത്ത രോഗികളോ ചികിത്സക്ക് വേണ്ടി എത്തിയിട്ടുണ്ടെങ്കിൽ അവർക്ക് കൂടെ സഹായമായി മനോജ് ഉണ്ടാകും.ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന ആരോരും ഇല്ലാത്ത രോഗികളുടെ കൂടെ ആംബുലൻസിൽ പോകാനും,അത്യാഹിത വിഭാഗത്തിൽ  എത്തുന്ന രോഗികളെ സഹായിക്കാനും ജീവനക്കാരെ സഹായിക്കാനുമൊക്കെ അദ്ദേഹം കൂടെയുണ്ടാകും.അശരണരെ സഹായിക്കാൻ ശമ്പളത്തിന്റെ
ചെറിയൊരു വിഹിതം മാറ്റിവയ്ക്കാനും മനോജ് മറക്കാറില്ല.ഡ്യൂട്ടി കഴിഞ്ഞ്
മടങ്ങുമ്പോൾ റോഡരികിലും തെരുവിലും കിടക്കുന്ന ആരോരുമില്ലാത്തവരെ ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷ്,ബാബു എന്നിവരുടെ സഹായത്തോടെ അഭയകേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യാറുണ്ട് 2010 ൽ കേരള പോലീസിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള മനോജ് തിരുവനന്തപുരം,കോട്ടയം എന്നിവിടങ്ങളിൽ ജോലി ചെയ്യുമ്പോഴും അശരണർക്ക് ആശ്രയമായി മാറിയിട്ടുള്ള നിരവധി സംഭവങ്ങളുണ്ട്.തിരുവനന്തപുരം,
കോട്ടയം മെഡിക്കൽ കോളേജുകളിൽ നിരവധി രോഗികൾ മനോജിലെ നന്മ തിരിച്ചറിഞ്ഞിട്ടുണ്ട്.വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന ഡി.സി.ബി.ആർ കോഴ്സ് കഴിഞ്ഞ മനോജ്‌ അത്തരം മേഖലയിലും തന്റെ സഹായം മാതൃകയാക്കിയിട്ടുണ്ട്.ശാസ്താംകോട്ട അഗ്നിശമന നിലയത്തിൽ ജോലിക്ക് എത്തുന്നതിനു മുമ്പ് ചാമക്കട അഗ്നിശമന നിലയത്തിൽ ജോലി നോക്കുന്ന സമയത്ത് ഡ്യൂട്ടിക്ക് വരുമ്പോഴും പോകുമ്പോഴും കൊല്ലം ജില്ലാ ആശുപത്രിയിൽ മെഡിക്കൽ അനക്സ് വാർഡ്ൽ കിടക്കുന്ന ആരോരുമില്ലാത്ത രോഗികൾക്ക് കൂടെ നിൽക്കാനും ആഹാരം വാങ്ങി കൊടുക്കാനും ഒക്കെ സഹായമായി അവിടെ എത്താറുണ്ടായിരുന്നു.ആരുമറിയാതെ ചെയ്യുന്ന മനോജിന്റെ കാരുണ്യ പ്രവർത്തനം അക്കാലത്ത് കൊല്ലം ജില്ലാ ഫയർ ഓഫീസർ ആയിരുന്ന ഹരികുമാറാണ് ജീവനക്കാർക്കിടയിൽ അറിയിച്ചത്.പരേതനായ
സുന്ദരൻപിള്ള പിതാവും ഗൗരിക്കുട്ടി അമ്മ മാതാവുമാണ്.പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ദർശനയാണ് ഭാര്യ. വേദിക,വാമിക എന്നിവർ മക്കളാണ്. കുടുംബത്തിന്റെ പൂർണ പിന്തുണ മനോജിനോപ്പമുണ്ട്.ശാസ്താംകോട്ട അഗ്നിശമന നിലയത്തിൽ മൂന്ന് വർഷമായി ഫയർ ആൻഡ് റസ്ക്യൂ ഓഫീസറായി ജോലി ചെയ്തു വരികയാണ്.

Advertisement