നഗരം പൂരാവേശത്തിലേക്ക്… കൊല്ലം പൂരം ഇന്ന്

Advertisement

കൊല്ലം: താളമേളങ്ങളും കുടമാറ്റത്തിന്റെ വര്‍ണക്കാഴ്ചകളും ശ്രവ്യ-ദൃശ്യവിസ്മയം തീര്‍ക്കുന്ന കൊല്ലം പൂരം ഇന്ന്.
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന കൊല്ലം പൂരത്തിന് 25 ആനകള്‍ പങ്കെടുക്കും. കുടമാറ്റത്തിന് പുതിയകാവ് ഭഗവതിയുടെയും താമരക്കുളം മഹാഗണപതിയുടെയും തിടമ്പുകളേറ്റി 22 ഗജവീരന്മാര്‍ മുഖാമുഖം അണിനിരക്കും. ഇവയെ കൂടാതെ ചെറുപൂരങ്ങള്‍ക്കൊപ്പം എത്തുന്ന ആനകള്‍ വേറെയുമുണ്ടാകും.
രാവിലെ ഒന്‍പതു മുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങള്‍ വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിച്ചേരും. ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രം, കോയിക്കല്‍ ശ്രീകണ്ഠ ശാസ്താക്ഷേത്രം, തുമ്പറ ശ്രീഭദ്ര-ദുര്‍ഗാദേവിക്ഷേത്രം, ഉളിയക്കോവില്‍ കണ്ണമത്ത് ഭദ്രാദേവിക്ഷേത്രം, കടപ്പാക്കട ധര്‍മശാസ്താ ക്ഷേത്രം, ശ്രീനാരായണപുരം സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, ശങ്കരകുമാരപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം, പടിഞ്ഞാറെ പുതുപ്പള്ളി മാടന്‍സ്വാമി ക്ഷേത്രം, ആശ്രാമം മുനീശ്വര സ്വാമി ക്ഷേത്രം, കുന്നില്‍കാവില്‍ ശ്രീദേവിയമ്മ ക്ഷേത്രം, ആശ്രാമം മാരിയമ്മ ക്ഷേത്രം, ശെല്‍വ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് ചെറുപൂരങ്ങള്‍ എത്തുക.
തുടര്‍ന്ന് ആനനീരാട്ടും ആനയൂട്ടും. ആല്‍ത്തറയിലാണ് ആനയൂട്ട് നടക്കുക. ആനയൂട്ടിനുശേഷം ആനകളെ താമരക്കുളം ഗണപതിക്ഷേത്രത്തിലേക്കും പുതിയകാവ് ഭഗവതി ക്ഷേത്രത്തിലേക്കും കൊണ്ടുപോകും. വൈകിട്ട് താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നെള്ളത്ത് ഇരു ക്ഷേത്രങ്ങളില്‍ നിന്നും പുറപ്പെട്ട് ആശ്രാമത്തെ പൂരമൈതാനിയില്‍ എത്തിച്ചേരും.
വൈകിട്ട് ഇരുക്ഷേത്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന എഴുന്നെള്ളത്തുകള്‍ പൂരനഗരയില്‍ എത്തിച്ചും. ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം പതിനായിരങ്ങള്‍ക്ക് ആവേശം പകര്‍ന്ന് പൂരം പെയ്തിറങ്ങളും ദൃശ്യചാരുത പകരുന്ന കുടമാറ്റം ആരംഭിക്കുന്നതോടെ പൂരപ്രേമികള്‍ ആവേശക്കൊടുമുടിയിലെത്തും.
കൊല്ലം പൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഏതു സാഹചര്യത്തേയും നേരിടാന്‍ പര്യാപ്തമായ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം പ്രവര്‍ത്തിക്കും. സബ്കളക്ടര്‍ക്കാണ് മേല്‍നോട്ട ചുമതല. അടിയന്തര സാഹചര്യമുണ്ടായാല്‍ ഉടനടി സന്ദേശം കൈമാറുന്നതിനുള്ള സംവിധാനമുണ്ടാകും. ഇവ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറി തുടര്‍ നടപടി കൈക്കൊള്ളും.
ഇന്ന് രാവിലെ 11ന് മുമ്പ് നടത്തുന്ന ചെറുപൂരങ്ങള്‍, 25 ആനകളെ പങ്കെടുപ്പിച്ചുള്ള പൂരം, ആനനീരാട്ട്, ആനയൂട്ട്, കുടമാറ്റം എന്നിവയില്‍ എലിഫന്റ് സ്‌ക്വാഡിനാണ് മേല്‍നോട്ടചുമതല. ആനകളുടെ ഡാറ്റബുക്ക്, ഇന്‍ഷുറന്‍സ്, ആരോഗ്യ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഡ്യൂട്ടിയിലുള്ള വെറ്ററിനറി സര്‍ജന്മാര്‍ പരിശോധിക്കും. ബ്രത്ത്അനലൈസര്‍ ഉപയോഗിച്ച് ആനപരിപാലകരുടെ പരിശോധന നടത്തും.
മയക്കുവെടി സജ്ജീകരണങ്ങള്‍ക്ക് പ്രത്യേക ആംബുലന്‍സ് ഏര്‍പ്പെടുത്തും. ആരോഗ്യസ്ഥിതി മോശമായ-മദപ്പാട് തുടങ്ങിയ ആനകളെ പൂരത്തില്‍ അനുവദിക്കില്ല. പൂരത്തിനായി ആനകളെ തെരഞ്ഞെടുത്ത് ഫിറ്റ്നസ് നല്‍കുന്നതിന്റെ പൂര്‍ണചുമതല മൃഗസംരക്ഷണ വകുപ്പ് എസ്പിസിഎ എലിഫന്റ് സ്‌ക്വാഡിനാണ്.
കുടമാറ്റവേദിയില്‍ ഇരുഭാഗത്തുമായി പത്തോളം വെറ്ററിനറി സര്‍ജന്‍മാര്‍ക്കും എസ്പിസിഎ ഇന്‍സ്പെക്ടര്‍മാര്‍ക്കുമാരെ നിയോഗിച്ചിട്ടുണ്ട്. പൂരത്തിനെത്തുന്നവര്‍ ആനകളില്‍ നിന്ന് മൂന്ന് മീറ്റര്‍ അകലം പാലിക്കണം. ആനകള്‍ക്ക് അടുത്തു നിന്ന് മൊബൈല്‍ഫോണ്‍ സെല്‍ഫി ഒഴിവാക്കണം.

Advertisement