പൗരത്വ ഭേദഗതി നിയമം ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നത്: പ്രകാശ് കാരാട്ട് തഴവയില്‍

Advertisement

കരുനാഗപ്പള്ളി . പൗരത്വ നിയമഭേദഗതി ഭരണഘടനയുടെ അന്തസത്തയെ നിരാകരിക്കുന്നതാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ആലപ്പുഴ പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തഴവ, കുറ്റിപ്പുറത്ത് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം മാനദണ്ഡമാക്കി പൗരത്വം നിശ്ചയിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിച്ചത് ഇടതുപക്ഷമാണ്. കേരള നിയമസഭ ഇതിനെതിരെ ഒരു പ്രമേയം തന്നെ പാസാക്കുകയുണ്ടായി.

രാജ്യത്താകമാനം അതിന് വലിയതോതിൽ സ്വീകാര്യത ഉണ്ടായി. സിപിഐ എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മതം അടിസ്ഥാനമാക്കിയ പൗരത്വ നിയമം തങ്ങളുടെ പിന്തുണയുള്ള സർക്കാർ അധികാരത്തിൽ വന്നാൽ പൂർണ്ണമായും എടുത്തു കളയും എന്ന് വ്യക്തമായി തന്നെ പറഞ്ഞു. എന്നാൽ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ആകട്ടെ ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല. ആ പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ കൂടി ചേർന്ന് തയ്യാറാക്കിയ പ്രകടനപത്രിയിൽ ഈ കാര്യത്തിന്റെ ഗൗരവം എന്തുകൊണ്ട് മനസ്സിലാക്കാതെ പോയി എന്ന് ആലപ്പുഴയിലെ ജനങ്ങളോട് അദ്ദേഹം തന്നെ വിശദീകരിക്കണം. തീവ്ര ഹിന്ദുത്വ നിലപാടുമായി മുന്നോട്ടുപോകുന്ന ബിജെപിയെ പ്രതിരോധിക്കാൻ മൃദു ഹിന്ദുത്വ സമീപനവുമായി നിൽക്കുന്ന കോൺഗ്രസിനെ കൊണ്ട് കഴിയുകയില്ല. മാത്രവുമല്ല കൂട്ടത്തോടെ കോൺഗ്രസുകാർ ബിജെപിയിലേക്ക് ഒഴുകുകയാണ്. കഴിഞ്ഞ 10 വർഷക്കാലമായി ബിജെപി സർക്കാർ ഫെഡറലിസത്തെ. തകർക്കുകയാണ് ബിജെപിക്ക് എതിരെ നിൽക്കുന്ന സംസ്ഥാനങ്ങളെ തകർക്കാൻ ശ്രമം നടക്കുന്നു. കേരളമാണ് അതിന് കൂടുതലായി വിധേയമാകുന്നത്.

ബിജെപിയുടെ വർഗീയ അജണ്ടക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാൽ അർഹതപ്പെട്ട വിഹിതം പോലും നൽകാതെ ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പെടെ അട്ടിമറിക്കുന്നു.കേരളത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കേരളം ജനവിരുദ്ധനയങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാരിനെയാണ് നേരിടുന്നത്.ഈ പോരാട്ടത്തിൽ ഒപ്പം നിൽക്കാൻ കേരളത്തിലെ 20 ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളും വിജയിച്ചു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർപേഴ്സൻ അഡ്വ എം എസ് താര അധ്യക്ഷയായി.അഡ്വ ആർ അമ്പിളിക്കുട്ടൻ സ്വാഗതം പറഞ്ഞു.എൽഡിഎഫ് നേതാക്കളായ സി രാധാമണി, പി ആർ വസന്തൻ,കടത്തൂർ മൻസൂർ, പി ബി സത്യദേവൻ, പി കെ ജയപ്രകാശ്, എസ് സദാശിവൻ, തഴവ സത്യൻ, ശ്രീലത,ഐ ഷിഹാബ്, എസ് കൃഷ്ണകുമാർ, അബ്ദുൽ സലാം അൽഹന, സദാനന്ദൻ കരിമ്പാലില്‍, ഷിഹാബ് എസ് പൈനുംമൂട്, ഫിലിപ്പോസ്, സൈനുദ്ദീൻ, ജബ്ബാർ, സക്കീർ ,പ്രൊഫ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാകുമാരി, തുടങ്ങിയവർ പങ്കെടുത്തു.

Advertisement